പാലക്കാട്: ആസാം പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കേരളത്തിലെത്തിച്ച രണ്ടുപേർ അറസ്റ്റിൽ ആസാം ഗവോൺ സ്വദേശി അക്കീബുർ റഹ്മാൻ(24), നൗഗോൺ ഗവോൺ ഡാനിയബേട്ടി സ്വദേശി സെയ്തുൽ ഇസ്ലാം(26) എന്നിവരെയാണ് പാലക്കാട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രായം ഉൾപ്പെടെ പെൺകുട്ടി നൽകിയ മൊഴികളിൽ പൊരുത്തകേടുകളുണ്ടായിരുന്നത് ആദ്യഘട്ടത്തിൽ അന്വേഷണത്തെ ബാധിച്ചു. ആദ്യം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മനുഷ്യക്കടത്താണെന്ന് സംശയിച്ച അന്വേഷണ സംഘം തുടർന്ന് ആസാമിലെത്തി തെളിവെടുപ്പ് നടത്തി. പിന്നീട് പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രലോഭനത്തിന് വഴങ്ങി കേരളത്തിലെത്തിയതാണെന്ന് തെളിഞ്ഞത്. മൊബൈൽ ഫോണിലൂടെ പെൺകുട്ടി അക്കീബുർ റഹ്മാനുമായാണ് ബന്ധപ്പെട്ടിരുന്നത്.

കഴിഞ്ഞമാസം 28ന് കേരളത്തിലെത്തിയ പെൺകുട്ടി ഏത് റെയിൽവേ സ്‌റ്റേഷനിലാണ് ഇറങ്ങിയതെന്ന് അറിയില്ലെന്നാണ് മൊഴി നൽകിയത്. പ്രതികളുടെ സുഹൃത്തുക്കൾ താമസിക്കുന്ന കണ്ണൂർ പയ്യന്നൂരിൽ മൂന്നുദിവസം താമസിച്ചു. അവിടെ നിന്നും തിരികെ പോകാൻ വണ്ടികയറിയാണ് പാലക്കാട്ടെത്തിയത്. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിരുന്നു. പക്ഷേ, കേരളത്തിൽവച്ചല്ല പീഡനം നടന്നതെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിക്ക് 14നും 16നും ഇടയിൽ പ്രായമുണ്ടെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുവന്നതിനാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ പാലക്കാട്ടേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾ പാലക്കാട്, ആലുവ, കണ്ണൂർ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. റെയിൽവേ ഡിവൈ.എസ്.പി എ.ഷറഫുദ്ദീന്റെ നിർദ്ദേശപ്രകാരം സർക്കിൾ ഇൻസ്‌പെക്ടർ എം.കെ.കീർത്തിബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. എസ്.ഐ വനിൽകുമാർ, എ.എസ്.ഐ ഷക്കീർ അഹമ്മദ്, സി. ശിവകുമാർ, എസ്.സി.പി.ഒ വിജയൻ, സി.പി.ഒമാരായ സുനിൽകുമാർ, ജിയാവുദ്ധീൻ, സുരേഖ്, ശ്രീജി, ശ്രീപ്രിയ, സ്മിത, അർഷാദ് എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.