പാലക്കാട്: സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തക വിതരണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. നിലവിൽ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ വിതരണം പൂർത്തിയായി. ഒമ്പത്, പത്ത് ക്ലാസുകളിലെ വിതരണം അവസാന ഘട്ടത്തിലാണ്. 90 ശതമാനം വിതരണം പൂർത്തിയായതായി അധികൃതർ പറഞ്ഞു.
ഒന്നാംഭാഗം പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. ആകെ 28,68,335 ലക്ഷം പുസ്തകങ്ങളാണ് ജില്ലയിലെ മൂന്ന് ഡി.ഒ ഓഫീസുകളിൽ എത്തിച്ചിരിക്കുന്നത്. കാക്കനാട് കെ.ബി.പി.എസ് പ്രസിൽ നിന്ന് പുസ്തകങ്ങളെല്ലാം ഷൊർണൂർ ബുക്ക് ഡിപ്പോയിലേക്കാണ് എത്തുന്നത്. ഇവിടെ നിന്ന് ജില്ലയിലെ സൊസൈറ്റികൾ വഴി സ്‌കൂളുകളിൽ വിതരണം നടത്തും.
സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. ഒമ്പത്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങൾ വാർഷിക പരീക്ഷ കഴിയുന്നതിന് മുമ്പേ ഡിപ്പോയിൽ എത്തിയിരുന്നു. സ്കൂൾ തുറക്കുമ്പോഴേക്കും എല്ലാ വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ ലഭ്യമാക്കും. സ്‌കൂളുകളിൽ നിന്ന് ശേഖരിച്ച കണക്കുകൾ പ്രകാരമാണ് പുസ്തക വിതരണം. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികൾക്ക് പുസ്തകം സൗജന്യമാണ്.
ഡി.ഒ ഓഫീസുകളിലെത്തിയ പുസ്തകങ്ങളുടെ കണക്ക്
ഒറ്റപ്പാലം 9,22,519
പാലക്കാട് 12,28,821
മണ്ണാർക്കാട് 7,16,995
-വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, പാലക്കാട്