കൊല്ലങ്കോട്: ഊട്ടറ മലയാമ്പള്ളം വഴി വണ്ടിത്താവളം എത്തുന്ന മലയാമ്പള്ളം പാതയും ആലമ്പള്ളം പാതയും തകർന്നതോടെ യാത്രക്കാർ ദുരിതത്തിൽ. സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പാതയുടെ തകർച്ച പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകാത്തത് മൂലം ഇതുവഴി സർവീസ് നടത്തുന്ന ടാക്സി വാഹനങ്ങൾ ഓട്ടം നിറുത്തുമെന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നു.
ഊട്ടറ മുതൽ ചുള്ളിമട വരെയുള്ള അഞ്ചു കിലോമീറ്റർ ദൂരം പാത തകർന്നതോടെ ഇതുവഴിയുള്ള യാത്ര വളരെ കഷ്ടമാണ്. വടവന്നൂർ, പട്ടഞ്ചേരി, മുതലമട എന്നീ പഞ്ചായത്ത് അതിർത്തികൾ പങ്കിടുന്നതാണ് ഊട്ടറ- മലയാമ്പള്ളം- വണ്ടിത്താവളം പാത. പാത പൊട്ടിപൊളിഞ്ഞതോടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. നാലുവർഷം മുമ്പ് പാതയുടെ പുനർ നിർമ്മാണം നടത്തിയെങ്കിലും നിർമ്മാണത്തിലെ പാളിച്ചയാണ് വീണ്ടും തകരാൻ കാരണമായത്. പലതവണ കുഴികൾ അടയ്ക്കുന്ന പണി നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ചുള്ളിമട, കാട്ടുപാടം, മുട്ടിച്ചിറ, നാലുകല്ല്, മലയാമ്പള്ളം, കൂത്തമ്പാക്ക, മടത്തുനാറ, കാരപ്പറമ്പ് എന്നിവിടങ്ങളിലുള്ളവർ ഇതുവഴിയുള്ള ബസിനെയാണ് ആശ്രയിക്കുന്നത്. ഊട്ടറ വഴി പാലക്കാട് സർവീസ് നടത്തുന്ന ഏക സ്വകാര്യ ബസും പാതയുടെ തകർച്ചയിൽ സർവീസ് നിറുത്താനാണ് തീരുമാനം. വടവന്നൂർ, പുതുനഗരം, കൊടുവായൂർ, ചിറ്റൂർ, പാലക്കാട്, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിൽ ഉള്ളവർക്ക് ഏക ആശ്രയം ഈ ബസാണ്. ഓട്ടോക്കാരും ഇതുവഴിയുള്ള യാത്രയ്ക്ക് തയ്യാറാകുന്നില്ല. ആലമ്പള്ളം മലയാമ്പള്ളം പാതയ്ക്ക് ജില്ലാ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമില്ല. വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.