paddy

തച്ചമ്പാറ: 2018ലെ പ്രളയത്തെ തുടർന്ന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കൃഷിയിടങ്ങളിലെ മണ്ണിൽ പല മൂലകങ്ങളുടെയും സൂക്ഷ്മമൂലകങ്ങളുടെയും സ്വാഭാവികതയിൽ വളരെയധികം ഏറ്റക്കുറച്ചിലുകൾ ഉള്ളതായി കണ്ടെത്തി. കാർഷിക സർവകലാശാലയിലെ വിദഗ്ദ്ധർ ഈ പ്രദേശത്തെ മണ്ണുപരിശോധിച്ച് നടത്തിയ പഠനത്തിലാണ് വ്യക്തമായത്. ഫലപുഷ്ടി ഉള്ളതായി കണക്കാക്കുന്ന മലയോര മേഖലകളിൽ വൻതോതിലാണ് മണ്ണിലെ മൂലകങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നത്. ഇതുമൂലം വിളവ് ഗണ്യമായി കുറഞ്ഞു.

കൂടാതെ വിവിധതരം അസുഖവും കൃഷിയിനങ്ങൾക്ക് പിടികൂടുന്നുണ്ട്. ചെടികളുടെ പ്രതിരോധ ശക്തി കുറഞ്ഞെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ വിശദാംശങ്ങൾ കർഷകരുമായി പങ്കുവെക്കുന്നതിന് തച്ചമ്പാറ കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷി ശാസ്ത്രജ്ഞരുമായി സംവദിക്കുവാൻ ജൂൺ ഏഴിന് രാവിലെ പത്തിന് പാലക്കയത്ത് മുഖാമുഖം നടത്തുമെന്ന് കൃഷി ഓഫീസർ എസ്.ശാന്തിനി അറിയിച്ചു.