pukayila

പാലക്കാട്: ഒന്നരക്കോടി രൂപ വില വരുന്ന 1,27,000 പാക്കറ്റ് ഹാൻസുമായി പൊന്നാനി സ്വദേശി മനപ്പാട്ട് പറമ്പിൽ അഫ്‌സലിനെ (32) എക്സൈസ് അധികൃതർ കസ്റ്റഡിയിലെടുത്തു. സ്‌കൂൾ വിപണി ലക്ഷ്യമിട്ട് ബാംഗ്ലൂരിൽ നിന്ന് പട്ടാമ്പിയിലേക്ക് ലോറിയിൽ കടത്തുകയായിരുന്നു നിരോധിത ലഹരി വസ്തുക്കൾ.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും വാളയാർ ചെക്ക്‌പോസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായി ഇന്നലെ പുലർച്ചെ 2.30ന്നടത്തിയ പരിശോധനയിൽ വാളയാർ ചെക്ക്‌പോസ്റ്റിൽ നിന്നാണ് ലോറി പിടികൂടിയത്.

അഫ്സലിന്റെ കൂടെയുണ്ടായിരുന്ന കർണാടക സ്വദേശി ഓടി രക്ഷപ്പെട്ടു. പച്ചക്കറിയുടെ മറവിലാണ് ഹാൻസ് കൊണ്ടുവന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും പുകയയില ഉല്പന്നങ്ങൾ പിടികൂടുന്നത്. ഇതിനുമുമ്പും ഹാൻസ് കടത്തിയിട്ടുണ്ടെന്ന് പിടിയിലായ അഫ്സൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ഒരു പാക്കറ്റിന് 5080 രൂപയാണ് ഈടാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന പുകയില ഉല്പന്നങ്ങൾ പട്ടാമ്പിയിലാണ് സൂക്ഷിക്കുന്നത്. പട്ടാമ്പി കേന്ദ്രീകരിച്ച് ഹാൻസിന്റെ വൻ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നാണ് കേരളത്തിന്റെ മറ്റു പല ഭാഗങ്ങളിലേക്കും ഹാൻസ് കടത്തുന്നത്.

എക്‌സൈസ് ഇൻസ്പെക്ടർമാരായ കെ.വി.സദയകുമാർ, എം.റിയാസ്, പി.ഒ.മാരായ സി.സെന്തിൽകുമാർ, കെ.എസ്.സജിത്ത്, എം.യൂനസ്, പി.എൻ.രാജേഷ്‌കുമാർ, പി.സജീവ്, പി.എൻ.സനിൽ, പി.പി.ബെന്നി, സി.ഇ.ഒമാരായ സതീഷ്, റിയാസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.