പട്ടാമ്പി: മുളയൻകാവ് മാധവ വാദ്യ വിദ്യാലയത്തിലെ കുരുന്നുകൾ നാളെ ചെണ്ടയിൽ അരങ്ങേറ്റം കുറിയ്ക്കും. മുളയൻകാവ് അരവിന്ദാക്ഷന്റെ ശിക്ഷണത്തിലാണ് ഈ വേനലവധിക്കാലത്ത് ചിട്ടപ്പെടുത്തിയ വാദ്യലയം വിദ്യാർത്ഥികൾ അരങ്ങിലെത്തിക്കുന്നത്. അമ്പതോളം കലാകാരൻമാർ പങ്കെടുക്കും.
വാദ്യകലാകാരനായിരുന്ന കോവിലിങ്ങൽ മാധവനാശാന്റെ പേരിൽ മകൻ അരവിന്ദാക്ഷന്റെ നേതൃത്വത്തിലാണ് മുളയൻകാവിൽ മാധവ വാദ്യ വിദ്യാലയം പ്രവർത്തിക്കുന്നത്. ഓരോ വർഷവും പുതുമയാർന്ന മേളങ്ങളാണ് പരിശീലിപ്പിക്കുന്നത്. ഇത്തവണ മുളയൻകാവ് അഭിജിത്തിന്റെ പ്രമാണത്തിൽ ഇരുപത്തഞ്ചോളം കുട്ടികൾ ചെമ്പട മേളവും, മുളയൻകാവ് അജിത്തിന്റെ പ്രമാണത്തിൽ ഇരുപത് കുട്ടികൾ പഞ്ചാരി മേളവുമാണ് അരങ്ങിലെത്തിക്കുന്നത് 26 ന് രാവിലെ എട്ടിന് മുളയൻകാവ് ഭഗവതി ക്ഷേത്രസന്നിധിയിൽ നടക്കുന്ന വാദ്യോപാസനയ്ക്ക് ക്ഷേത്രം തന്ത്രി അണ്ടലാടി മനക്കൽ ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം തെളിക്കും. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ പി.സന്തോഷ് അധ്യക്ഷനാവും. ക്ഷേത്രം എക്‌സികുട്ടീവ് ഓഫീസർ അജിത്ത് വിശിഷ്ടാതിഥിയാകും.