പലരും ആഗ്രഹിച്ച ഒരു അപ്രതീക്ഷിത വിജയമാണ് ആലത്തൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ് നേടിയത്. ഇടതുകോട്ടയിൽ സിറ്റിംഗ് എം.പി പി.കെ.ബിജുവിനെ ഒന്നരലക്ഷത്തിലധികം വോട്ടുകളുടെ മഹാഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ആലത്തൂരിന്റെ പെങ്ങളുകുട്ടി ഓടിക്കയറിയത് പാർലമെന്റിലേക്ക് മാത്രമല്ല, പുതുചരിത്രത്തിലേക്ക് കൂടിയാണ്. 1971ൽ അടൂർ മണ്ഡലത്തിൽ നിന്നും ലോക്സഭയിലെത്തിയ ഭാർഗവി തങ്കപ്പന് ശേഷം ദളിത് വിഭാഗത്തെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്നും ലോക്സഭയിലെത്തുന്ന വനിതാ എം.പിയാണ് രമ്യ. ജീവിതദുരിതങ്ങളുടെ കണ്ണീർച്ചാലുകളെ മന്ദഹാസത്തോടെ അതിജീവിച്ച രമ്യ 'കേരളകൗമുദിയോട് " സംസാരിച്ചു.
ജയം പ്രതീക്ഷിച്ചിരുന്നോ?
ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ആലത്തൂരിൽ സ്ഥാനാർത്ഥിയായത്. നേരത്തെ സൂചനയൊന്നും കിട്ടിയിരുന്നില്ല. കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെയെല്ലാം ആശിർവാദത്തോടെയാണ് പോരാട്ടത്തിനിറങ്ങിയത്. ആവേശകരമായ വരവേൽപ്പും തുടർന്നുള്ള ജനങ്ങളുടെ പിന്തുണയും വിജയം കൊണ്ടുവരുമെന്ന ആത്മവിശ്വാസം നൽകിയിരുന്നു. അപ്പോഴും ഇത്രയും ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നില്ല. വിജയിച്ചതിൽ ഏറെ സന്തോഷം. എന്നെ സ്വീകരിച്ച ജനഹൃദയങ്ങൾക്ക് ആയിരം നന്ദി.
രാഷ്ട്രീയ പ്രവേശനം എങ്ങനെയായിരുന്നു?
അച്ഛൻ പി.പി ഹരിദാസന് കൂലിപ്പണിയാണ്, അമ്മ രാധ ഹരിദാസ് മഹിളാ കോൺഗ്രസ് പ്രവർത്തക, അനിയൻ രജിൽ. കുഞ്ഞുന്നാളിൽ തന്നെ ഞാൻ അമ്മയുടെ വീട്ടിലാണ് വളർന്നതും പഠിച്ചതുമെല്ലാം. അമ്മയുടെ അച്ഛൻ കോൺഗ്രസ് പ്രവർത്തകനായിരുന്നു. പഠിക്കുന്ന കാലത്ത് എന്നെയും കൊണ്ടുപോകുമായിരുന്നു സമ്മേളനങ്ങൾക്കും മറ്റ് പൊതുയോഗങ്ങൾക്കും. പ്രാർത്ഥന ചൊല്ലുക അന്നുമുതൽ എന്റെ കടമയായി. അതാണെന്റെ രാഷ്ട്രീയ അടിത്തറ. പിന്നെ കെ.എസ്.യു.വിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്കും യൂത്ത് കോൺഗ്രസിലൂടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കും പ്രവേശിച്ചു. കഠിനാധ്വാനത്തിലൂടെ ജീവിതപ്രാരാബ്ദങ്ങളെ തോൽപ്പിച്ച് മുന്നേറുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകയായ അമ്മ രാധയാണ് ജീവിതത്തിലും രാഷ്ട്രീയത്തിലും എന്റെ മാതൃക.
യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിലൂടെയാണോ രാഹുൽഗാന്ധിയെ പരിചയപ്പെട്ടത്?
2009ൽ യൂത്ത് കോൺഗ്രസ് കോഴിക്കോട് പാർലമെന്റ് സെക്രട്ടറിയായി. സംഘടനാ ചുമതല പാർട്ടി പരിപാടികൾ ഏകോപിപ്പിക്കാനും ഏറ്റെടുത്ത് നടത്താനും ഏറെ സഹായിച്ചു. തുടർന്ന് ഷിപ് ഫോർ വേൾഡ് യൂത്ത് പ്രോഗ്രാമിന്റെ ഭാഗമായി ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു. ഇത് എന്നിലെ പൊതുപ്രവർത്തകയെ പാകപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു. ഇതിനിടെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ടാലന്റ് ഹണ്ട് നടക്കുന്നത്. അതിൽ പങ്കെടുത്തതാണ് ജീവിതത്തിൽ വഴിത്തിരിവായത്. വികസന കാര്യങ്ങളിലും മറ്റുമുള്ള എന്റെ കാഴ്ചപ്പാടിന് രാഹുൽ ഗാന്ധി നൽകിയ പിന്തുണയാണ് ഇന്ന് എന്നെ എം.പിയാക്കിയത്.
പ്രചാരണത്തിനിടെയുണ്ടായ വിവാദങ്ങളെ അതിജീവിച്ചത് എങ്ങനെയാണ്?
പാട്ടുപാടുന്നതിനെ വിമർശിച്ചവർക്കും, വ്യക്തിഹത്യനടത്തിയവർക്കുമുള്ള മറുപടിയാണ് ഈ വിജയം. 'ആശയപരമായ യുദ്ധത്തിന് തയാറെടുക്കുമ്പോൾ എന്റെ കയ്യിലുള്ള ആയുധമാണ് പാട്ട്. പ്രസംഗം ഒരു ആയുധമാണ്. എന്റെ സ്വഭാവം ആയുധമാണ്. എന്റെ സമീപനം ആയുധമാണ്.' ഇത് വോട്ട് സമാഹരിക്കാൻ സഹായിച്ചിട്ടുണ്ട്.
പിന്നെ, എ.വിജയരാഘവൻ സാറിനെപോലെയുള്ള വലിയ നേതാവ് അത്തരത്തിൽ പറഞ്ഞത് മാനസികമായി തളർത്തി. പക്ഷേ, ആലത്തൂരിലെ ജനം അപ്പോഴും എന്റെ കൂടെ നിലകൊണ്ടു, അവർ തന്ന ഊർജമാണ് വീണ്ടും ആയിരം ഇരട്ടി ഉണർവോടെ മുന്നോട്ട് പോകാൻ സഹായിച്ചത്. ദീപാ നിശാന്തിനും എന്നെ സമൂഹമാദ്ധ്യമങ്ങളിലൂടെ വിമർശിച്ച എല്ലാവർക്കും ഈ വിജയത്തിൽ നന്ദി പറയുന്നു.
മണ്ഡലത്തിനുവേണ്ടിയുള്ള മനസിലെ പദ്ധതികൾ?
വൈവിധ്യമാണ് ഈ മണ്ഡലത്തിന്റെ പ്രത്യേകത. തിരഞ്ഞെടുപ്പ് പ്രചരണ കാലയളവിൽ വോട്ട് ചോദിച്ച് ജനങ്ങൾക്കിടയിലേക്ക് ചെന്നപ്പോൾ ജില്ലയിലെ കിഴക്കൻ മേഖലയിൽ ഉൾപ്പെടെ നിരവധിയാളുകൾ പലവിധ പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ച് നിവേദനം നൽകിയിരുന്നു. ഇതെല്ലാം പരിശോധിച്ച് ആവശ്യമായ നടപടികൾ എം.പി എന്ന നിലയിൽ സ്വീകരിക്കും.
കേരളത്തിൽ യു.ഡി.എഫ് വിജയിച്ചു, കേന്ദ്രത്തിൽ ഭരണത്തിലേറിയതുമില്ല. നിരാശയുണ്ടോ?
കേന്ദ്രത്തിൽ രാഹുൽജിയുടെ നേതൃത്വത്തിൽ മതേതര സർക്കാർ നിലവിൽ വരുമെന്നും അതിന് കരുത്തായി ഞാൻ ഉൾപ്പെടെ കേരളത്തിലെ എം.പിമാരും ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. അതുണ്ടായില്ല എന്നതിൽ നിരാശയുണ്ട്. പക്ഷേ, വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരും.
കേരളത്തിൽ നിന്നുള്ള ഏക വനിതാ എം.പിയാണ് താങ്കൾ, ജനസംഖ്യയിൽ കൂടുതലും സ്ത്രീകളുള്ള സംസ്ഥാനത്ത് നിന്ന് ഒരാൾ മാത്രം മതിയോ?
പുതിയ കാലഘട്ടത്തിൽ ഒരു മാറ്റം കാണാൻ കഴിയും. കേരളത്തിൽ നിന്ന് ഞാൻ ഒരാൾ മാത്രമേ ഉള്ളു എങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് ലോക്സഭയിൽ ഇത്തവണ സ്ത്രീകളുടെ എണ്ണം കുടിയിട്ടുണ്ട്. അത് ശുഭ സൂചനയാണ്. കേരളത്തിൽ നിന്ന് ലേക്സഭയിലേക്ക് വിജയിച്ച് പോയ വനിതകളുടെ തുടർച്ചയാവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.