paddy
ഞാറ്റടി നടത്തിയ പാടശേഖരങ്ങളിൽ വെള്ളം പമ്പ് ഉപയോഗിച്ച് നനയ്ക്കുന്നു.

നെന്മാറ: ഒന്നാം വിളയിറക്കാൻ തയ്യാറെടുത്ത കർഷകർക്ക് ഇരുട്ടടിയായി വേനൽ മഴയുടെ കുറവ്. ഏപ്രിൽ അവസാനവും മേയ് ആദ്യവുമായാണ് പ്രദേശത്തെ കർഷകർ നിലമൊരുക്കി ഒന്നാംവിള നെൽകൃഷിക്ക് തയ്യാറെടുത്തത്.

ആദ്യഘട്ടത്തിൽ ഒന്നിടവിട്ട് വേനൽ മഴ ലഭിച്ചതോടെ നെൽപ്പാടങ്ങളിൽ ആവശ്യത്തിന് ഈർപ്പം ഉള്ളത് മിക്ക കർഷകരും ട്രാക്ടർ ഉപയോഗിച്ച് ഉഴുതു മറിച്ചു. പിന്നീട് കാലിവളവും ചുണ്ണാമ്പും ജൈവ വളവും ചേർത്ത് നിലമൊരുക്കി. താഴ്ന്ന ഭാഗത്തെ ഭൂമിയിൽ നടീലിന് മുപ്പുകുറഞ്ഞ ഉമ വിത്ത് ഉപയോഗിച്ച് ഞാറ്റടി തയ്യാറാക്കി. നല്ല രീതിയിൽ ഞാർ തയ്യാറായി വരുന്ന സമയത്ത് മഴ മാറി നിന്നത് കർഷകർക്ക് ഇരുട്ടടിയായി.
വേനൽ മഴ മാറുകയും കാലവർഷം എത്താതിരിക്കുകയും ചെയ്തതോടെ ഞാറ്റടിയെ രക്ഷിച്ചെടുക്കാൻ മറ്റുവഴി തേടി അലയുകയാണ് കർഷകർ. സ്വന്തമായി ജലസേചന സൗകര്യമുള്ളവർ വെള്ളം പമ്പ് ചെയ്താണ് ഇപ്പോൾ ഞാറ്റടി സംരക്ഷിക്കുന്നത്. മിക്ക കർഷകരുടെയും 15 മുതൽ 20 ദിവസം വരെ പ്രായമായ ഞാറ്റടിയാണ് വെള്ളമില്ലാതെ ഉണക്കത്തിന്റെ വക്കിലെത്തിയത്.

അടുത്തയാഴ്ചയെങ്കിലും കാലവർഷമെത്തിയില്ലെങ്കിൽ ഞാറ്റടിയെ രക്ഷിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വീണ്ടും ഞാറ്റടി തയ്യാറാക്കാൻ സമയം കിട്ടാത്തതും വിത നടത്തിയാൽ വിളവെടുപ്പ് വൈകുമെന്നതും കർഷകരെ ആശങ്കയിലാക്കുന്നു.