കേരളത്തിൽ കോൺഗ്രസ് നേടിയ അപ്രതീക്ഷിത വിജയമായിരുന്നു പാലക്കാട്ട് വി.കെ.ശ്രീകണ്ഠൻ നേടിയ വിജയം.അതേക്കുറിച്ച് ശ്രീകണ്ഠൻ ' കേരളകൗമുദി' യോട് സംസാരിച്ചു.
സ്ഥാനാർത്ഥിയായും ഡി.സി.സി പ്രസിഡന്റ് എന്ന നിലയിലും പാലക്കാട്ടെ വിജയത്തെ വിലയിരുത്തുമ്പോൾ?
23 വർഷത്തിന് ശേഷം യു.ഡി.എഫിന് പാലക്കാട് തിരികെ പിടിക്കാൻ സാധിച്ചുവെന്നത് അഭിമാനനേട്ടമായി കാണുന്നു. വലിയ മുന്നൊരുക്കത്തോടെയാണ് പാർട്ടി ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഡി.സി.സി പ്രസിഡന്റ് എന്ന നിലയ്ക്ക് കഴിഞ്ഞ രണ്ടരവർഷക്കാലമായി താഴെത്തട്ടു മുതൽ പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ദൗത്യത്തിലേർപ്പെട്ടിരിക്കുകയായിരുന്നു. കേന്ദ്ര - സംസ്ഥാനസർക്കാരുകളുടെ ഭരണപരാജയവും ജനവിരുദ്ധ നയങ്ങളും വോട്ടർമാരിലെത്തിക്കാൻ കഴിഞ്ഞു. ഇതാണ് വിജയം കൊണ്ടുവന്നത്.
സംസ്ഥാനത്തെ പൊതു ട്രെൻഡിനുമപ്പുറം പാലക്കാട്ടെ വിജയത്തിന് പിന്നിലുള്ള കാരണങ്ങൾ?
മറ്റെല്ലാം മണ്ഡലങ്ങളിലുമുണ്ടായിരുന്ന പൊതു ട്രെൻഡ് പാലക്കാട്ടെ ജനവിധിയെയും സ്വാധീനിച്ചിട്ടുണ്ട്. ന്യൂനപക്ഷ ഏകീകരണം, രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം, വിശ്വാസികൾക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ കടന്നുകയറ്റം ഇതൊക്കെ അനുകൂല ഘടകമായിരുന്നു. എങ്കിലും, മുൻകാലങ്ങളെ അപേക്ഷിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ ഏകോപനമാണ് വിജയത്തിന് കാരണം. ഇക്കാലമത്രയും മണ്ഡലത്തെ പ്രതിനിധീകരിച്ച ഇടതു എം.പിമാർക്ക് പാലക്കാട്ടെ ജനതക്ക് വേണ്ടി ഒന്നും ചെയ്യാനായില്ല എന്ന യാഥാർത്യം വോട്ടർമാരെ ബോധ്യപ്പെടുത്താൻ മുന്നണി സംവിധാനത്തിന് കഴിഞ്ഞു. തിരഞ്ഞെടുപ്പിന് ഒന്നരമാസം മുമ്പാണ് ഞാൻ ജില്ലയിലുടനീളം 400 കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ച് ജയ്‌ഹോ പദയാത്ര സംഘടിപ്പിച്ചത്. ഇത് പാർട്ടിയെ ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ സഹായിച്ചു. ജില്ലയുടെ പിന്നാക്കവസ്ഥ നേരിൽകണ്ട് ബോധ്യപ്പെടുകയും ജനങ്ങളിൽ നിന്ന് ചോദിച്ച് അറിയാനും സാധിച്ചത് വലിയഗുണം ചെയ്തു.
തോൽപ്പിക്കാൻ ഗൂഢാലോചന നടന്നു, തിരഞ്ഞെുപ്പ് ഫലം വന്നതിന് ശേഷം അത് വ്യക്തമാക്കാമെന്നും പറഞ്ഞിരുന്നല്ലോ. എന്തായിരുന്നു അത്?
ഞാൻസ്ഥാനാർത്ഥിയായി വന്ന്, ദിവസങ്ങൾക്കുശേഷം പാലക്കാട് യു.ഡി.എഫ് വിജയിക്കരുതെന്ന അജണ്ടയുമായി രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി മാദ്ധ്യമ രംഗത്തെ ചിലരാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്. കഴിഞ്ഞതവണ പരാജയപ്പെട്ട സ്ഥാനാർത്ഥിക്ക് എന്റെ വിജയം അപമാനകരമാകുമെന്ന് ചിന്തിച്ച ചിലരായിരുന്നു ഇതിന് പിന്നിൽ. ഇതിന്റെ ഭാഗമായാണ് മണ്ഡലത്തിൽ ഞാൻ ബി.ജെ.പിക്കും പിന്നിൽ മൂന്നാമതാകുമെന്ന് പ്രവചിച്ചത്. കേരളത്തിൽ യു.ഡി. എഫിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണം നടക്കുമെന്ന് മനസിലാക്കിയ ചിലർ അത് ഇടതുപക്ഷത്തിന് അനുകൂലമാക്കാൻ ആസൂത്രിത നീക്കം നടത്തി. ബി.ജെ.പി രണ്ടാമതെത്തുമെന്നുള്ള പ്രവചനങ്ങൾക്ക് പിന്നിലെ കാരണം അതായിരുന്നു. അസത്യം പ്രചരിപ്പിച്ച് നേതാക്കളുടെയും പ്രവർത്തകരുടെയും ആത്മവിശ്വാസം തകർക്കാമെന്ന അവരുടെ ലക്ഷ്യം ഒടുവിൽ പരാജയപ്പെട്ടു. ജനവിധി അവർക്കെതിരായിരുന്നു.
മലബാറിലും വടക്കൻകേരളത്തിലും യു.ഡി.എഫിന്റെ കരുത്ത് മുസ്ലീം ലീഗാണ്. പാലക്കാട്ടെ സ്ഥിതിയും വ്യത്യസ്ഥമല്ല ?
ഐക്യജനാധിപത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് കഴിഞ്ഞാൽ പ്രധാന കക്ഷി മുസ്ലീം ലീഗാണ്. പാലക്കാട് മണ്ഡലത്തിലും ലീഗിന്റെ പ്രവർത്തകർ യു.ഡി.എഫിന്റെ വിജയത്തിനായി എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചിരുന്നു. അത് മണ്ണാർക്കാട്ടെ ഭൂരിപക്ഷത്തിൽ പ്രതിഫലിച്ചു.
എപ്ലസ് മണ്ഡലത്തിലെ ബി.ജെ.പിയുടെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു?
മാദ്ധ്യമങ്ങൾ ഒന്നടങ്കം ബി.ജെ.പിയുടെ മുന്നേറ്റം പ്രവചിച്ച തിരഞ്ഞെടുപ്പിൽ ഞങ്ങൾ വളരെയധികം ആത്മവിശ്വാസത്തിലായിരുന്നു. ശബരിമല വിഷയം പരമാവധി ആളിക്കത്തിക്കാൻ ബി.ജെ.പി ശ്രമിച്ചിരുന്നു അതിന്റെ ഭാഗമായി കുറച്ച് വോട്ട് സമാഹരിക്കാനും അവർക്ക് സാധിച്ചു എന്നത് യാഥാർത്ഥ്യമാണ്. ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് എതിരാണ് ഇടതുമുന്നണിയെന്നും രാഷ്ട്രീയ മുതലെടുപ്പുനടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ജനങ്ങൾ തിരിച്ചറിഞ്ഞു. അത് യു.ഡി.എഫിന് അനുകൂലമായി.
ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിപ്പോലും അവർക്ക് വോട്ട് ചോർച്ചയുണ്ടായി ?
യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. യു.ഡി.എഫിന്റെ വോട്ടുകൾ പൂർണമായും സമാഹരിക്കാൻ കഴിഞ്ഞു, അതോടൊപ്പം വിവിധ സാമൂഹ്യ - സന്നദ്ധ സംഘടനകളുടെ വോട്ടും വലിയതോതിൽ ലഭിച്ചിട്ടുണ്ട്. അതിൽ ഇടതുപക്ഷത്തിന്റെയും ബി.ജെ.പിയുടെയും വോട്ടുകൾ ഉണ്ടാകാം. ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ കുറവിൽ നിന്ന് 11637 വോട്ടുകൾക്ക് വിജയിക്കാനായത് അതുകൊണ്ടാണ്. രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ഇടതു സ്ഥാനാർത്ഥി രാജേഷിനെതിരെ മുന്നണിക്കുള്ളിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.
പാലക്കാടിനായി വിഭാവനം ചെയ്യുന്ന വികസന പദ്ധതികൾ?
കുട്ടനാടും വയനാടും ഇടുക്കിയും കാർഷിക പാക്കേജ് നടപ്പാക്കുമ്പോൾ കേരളത്തിന്റെ നെല്ലറയായ പാലക്കാടിന് പ്രത്യേക പാക്കേജൊന്നും ലഭിച്ചില്ല. ഇവിടെത്തെ കർഷകർ മുഴുവൻ കടക്കെണിയിലായി. നെല്ല് മാത്രമല്ല നിരവധി നാണ്യവിളകളും ജില്ലയിലുണ്ട്. ഇവയുടെ പുനരുജ്ജീവനം ലക്ഷ്യംവച്ചുള്ള ഒരു സമഗ്രകാർഷിക വികസന പദ്ധതിക്ക് രൂപം നൽകും.അട്ടപ്പാടിയിലെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സർക്കാരുകൾ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് പ്രതിസന്ധി. ഇത് പരിഹരിക്കാൻ അട്ടപ്പാടി വികസന അതോറിട്ടി രൂപീകരിക്കും. ഫണ്ട് വിനിയോഗം നിരന്തരം പരിശോധിക്കും.ഇങ്ങനെ പല പരിപാടികളും മനസ്സിലുണ്ട്.
കോച്ച് ഫാക്ടറി പ്രതീക്ഷയ്ക്ക് വകയുണ്ടോ?
കഴിഞ്ഞ ബി.ജെ.പി സർക്കാർ തത്വത്തിൽ ഉപേക്ഷിച്ച പദ്ധതിയാണത്. യു.പി.എ സർക്കാർ തറക്കല്ലിട്ടതും കേരളത്തിലെ യു.ഡി.എഫ് സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകിയ പദ്ധതിയാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി. റെയിൽവേക്ക് കോച്ചുകൾ നിർമ്മിക്കുന്ന ഫാക്ടറി ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പക്ഷേ, അനുബന്ധ സാമഗ്രികൾ നിർമ്മിക്കുന്ന വ്യവസായ ശാലകൾ ആരംഭിക്കാൻ ആ ഭൂമി ഉപയോഗപ്പെടുത്താം. കൂടുൽ ആളുകൾക്ക് തൊഴിൽ ലഭ്യമാകുന്ന ഏത് പദ്ധതിയാണെങ്കിലും സ്വാഗതം ചെയ്യും.