pana
കെ.എം.ജലീലിന്റെ വീടിനു മുന്നിൽ പൂത്ത ഈന്തപ്പന.

വടക്കഞ്ചേരി: പുണ്യറംസാൻ വ്രതമാസകാലത്ത് നോമ്പുനോൽക്കുന്നവർക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത വിഭവമാണ് ഈന്തപ്പഴം. അറേബ്യൻ മരുഭൂമിയിൽ മാത്രമേ ഈന്തപ്പഴം വിളയുകയുള്ളുവെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും ഈന്തപ്പന പൂത്തിരിക്കുകയാണ്. വടക്കഞ്ചേരി തങ്കം ജംഗ്ഷന് സമീപമുള്ള പീടികപറമ്പ് ഗാന്ധിഗ്രാമത്തിൽ കെ.എ.എം ജുവലറി ഉടമ കെ.എം.ജലീലിന്റെ വീട്ടുമുറ്റത്താണ് ഈന്തപ്പന പൂവിട്ട് കായ്ച്ചുതുടങ്ങിയത്.

യാത്രക്കിടെയാണ് ജലീൽ ഹൈദ്രാബാദിലെ നഴ്‌സറിയിൽ നിന്ന് അഞ്ച് ഈന്തപ്പന തൈകൾ കൊണ്ടുവന്ന് വീട്ടുമുറ്റത്ത് നട്ടുപിടിപ്പിച്ചത്. കഴിഞ്ഞ വർഷം ഈന്തപ്പന പൂത്തുവെങ്കിലും കൊഴിഞ്ഞുപോയി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വലിയ കുഴിയെടുത്ത് പുഴ മണലും ചാണകപ്പൊടിയും ഉൾപ്പെടെ ഇട്ടാണ് അന്ന് തൈകൾ നട്ടുപിടിപ്പിച്ചത്. ഇത്തവണ ഈന്തപ്പന പൂത്തതോടെ കാഴ്ച കാണാൻ പ്രദേശവാസികൾ ഉൾപ്പെടെ നിരവധി പേരാണ് വീട്ടിലേക്ക് ഒഴുകിയെത്തുന്നത്.