വടക്കഞ്ചേരി: നിരവധി കായിക താരങ്ങൾക്ക് ഉപകാരപ്രദമായ ആയക്കാട് സ്‌കൂൾ ഗ്രൗണ്ട് വൻ കുഴികളെടുത്ത് ഉപയോഗ ശൂന്യമാക്കി. ആയക്കാട് സി.എ ഹയർ സെക്കൻഡറി സ്‌കൂളിന്റെ അധീനതയിലുള്ള ജയഭാരത് തിയ്യേറ്ററിന് സമീപത്തെ ഗ്രൗണ്ടാണ് കഴിഞ്ഞ ദിവസം രാത്രി ജെ.സി.ബി ഉപയോഗിച്ച് വൻ കുഴികളും ചാലുകളും എടുത്ത് ഉപയോഗശൂന്യമാക്കിയത്. സ്‌കൂളിലെ മുൻ മാനേജ്‌മെന്റുമായുള്ള സ്വത്ത് തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
സ്‌കൂളിലെ കുട്ടികൾക്ക് ഉൾപ്പെടെ നിരവധി ആളുകൾക്ക് ഉപകാരപ്രദമായ ഗ്രൗണ്ടാണ് തകർത്തത്. പഞ്ചായത്തന്റേത് ഉൾപ്പെടെ വിവിധ കായിക മത്സരങ്ങളും ഇവിടെയാണ് നടക്കാറുള്ളത്. പട്ടണത്തിന് സമീപത്തായി ഏവരും ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഗ്രൗണ്ടും ഇത് തന്നെയാണ്. പതിറ്റാണ്ടുകളായി ഉപയോഗിച്ച് വരുന്ന സ്‌കൂൾ ഗ്രൗണ്ട് ഉപയോഗ ശൂന്യമാക്കിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഡി.വൈ.എഫ്.ഐ പ്രതിഷേധം ഇന്ന്
സ്‌കൂൾ ഗ്രൗണ്ട് നശിപ്പിച്ചതിനെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം നടക്കും. ഗ്രൗണ്ട് തകർത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉപയോഗ പ്രദമാക്കണമെന്നും ആവശ്യപ്പെട്ടാണ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി. രാവിലെ ഏഴിന് ജില്ലാ പ്രസിഡന്റ് ടി.എം.ശശി ഉദ്ഘാടനം ചെയ്യും.
ആയക്കാട് സ്‌കൂൾ ഗ്രൗണ്ടിൽ വൻകുഴികളെടുത്ത് ഉപയോഗ ശൂന്യമാക്കിയ നിലയിൽ