ചിറ്റൂർ: മൂലത്തറ റെഗുലേറ്ററിന്റെ പുനർനിർമ്മാണം ഒക്ടോബർ അവസനത്തോടെ പൂർത്തിയാകും. നിലവിൽ 65 ശതമാനത്തോളം പ്രവർത്തികൾ പൂർത്തിയായ പദ്ധതിയുടെ സിവിൽ ജോലികളാണ് ബാക്കിയുള്ളത്.
വലതുകര കനാൽ സംരക്ഷണഭിത്തിയും ആരംഭ ഭാഗത്തെ പണികളും പൂർത്തിയായിട്ടുണ്ട്. ബണ്ട് കോൺഗ്രീറ്റിംഗ് പുരോഗമിക്കുന്നു. ഇടതുകരയിൽ പുതുതായി നിർമ്മിക്കുന്ന നാല് ഷട്ടറുകളുടെയും തൂണുകളുടെ നിർമ്മാണം അവസാനഘട്ടത്തിലും. ഇത് പൂർത്തിയാകുന്നതോടെ ജൂൺ അഞ്ചുമുതൽ ഇതുവഴി കർഷകർക്ക് വെള്ളം വിട്ടുനൽകാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ആളിയാറിൽ നിന്നുള്ള അമിത ജലപ്രവാഹത്തെ തുടർന്ന് 2009 നവംബർ എട്ടിനാണ് മൂലത്തറ റെഗുലേറ്റർ തകർന്നത്. പുനർ നിർമ്മാണത്തിനായി 2010ൽ ഇടതു സർക്കാർ ഭരണാനുമതി നൽകിയെങ്കിലും സാങ്കോതികാനുമതി ലഭിക്കാൻ കാലതാമസമുണ്ടായി. 2017 സെപ്തംബർ 11ന് റെഗുലേറ്ററിന്റെ പുനർ നിർമ്മാണം ഉദ്ഘാടനം ചെയ്തു. 2018 ജനുവരി 8 ന് ആദ്യ കോൺഗ്രിറ്റിംഗ് നടത്തി. 21 മാസമായിരുന്നു പദ്ധതിയുടെ കാലാവധി. ആഗസ്റ്റിലും നവംബറിലുമുണ്ടായ കനത്തമഴ നിർമ്മാണം വൈകിപ്പിച്ചു. കൂടാതെ കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെയും കേന്ദ്ര ഡാം സേഫ്ടി അധികൃതരുടെയും ഇടപെടലും പുനർനിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചതായി വകുപ്പ് ജീവനക്കാർ പറയുന്നു.
ലോകബാങ്കിന്റെ സഹായത്തോടെ 49.5 കോടി അടങ്കൽ തുക നിശ്ചയിച്ച പദ്ധതി 46.67 കോടി രൂപയ്ക്കാണ് മൂവാറ്റുപുഴയിലെ മേരിമാതാ കൺസ്ട്രക്ഷൻ കമ്പനി നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ജലവിഭവ വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ ഡിസൈൻ ആൻഡ് റിസേർച്ച് ബോർഡാണ് (ഐ.ഡി.ആർ.ബി) രൂപരേഖ തയാറാക്കിയിരിക്കുന്നത്.
ഇടതുകര ഭാഗത്ത് നാലും വലതുകരഭാഗത്ത് രണ്ടും ഉൾപ്പെടെ റെഗുലേറ്ററിന്റെ ഇരുകരകളിലുമായി 10 മീറ്റർ വീതിയുള്ള ആറ് ഷട്ടറുകൾ പുതുതായി നിർമ്മിക്കും. പഴയ ഷട്ടറുകൾക്ക് പകരം റേഡിയൽ ഷട്ടറുകളും സ്ഥാപിക്കും. ഇതോടെ ഷട്ടറുകളുള്ള എണ്ണം 19 ആയി വർദ്ധിക്കും. കൂടാതെ 124.2 മീറ്റർ നീളമുള്ള റെഗുലേറ്റർ 208.48 മീറ്ററായി മാറും. റെഗുലേറ്ററിൽ അടിഞ്ഞുകൂടിയ കുളവാഴകളും, പായലുകളും കാരണം ഷട്ടറിലൂടെയുള്ള നീരൊഴുക്ക് തടസപ്പെട്ടതാണ് 2009ൽ വലതുകര കനാൽ ബണ്ടും അപ്രോച്ച് റോഡും തകരാൻ ഇടയാക്കിയതെന്ന് പഠനസംഘം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ആവർത്തിക്കാതിരിക്കാൻ വെന്റ് വേകൾ നീക്കം ചെയുന്ന ജോലികളും തകൃതിയാണ്.