പാലക്കാട്: മലമ്പുഴ സന്ദർശിക്കാനെത്തിയ തമിഴ്‌നാട് സ്വദേശികളായ ഏഴംഗ സംഘത്തിലെ രണ്ടുപേർ ചെക്ക് ഡാമിൽ മുങ്ങിമരിച്ചു. കോയമ്പത്തൂർ ഗണപതി കാമരാജപുരം ശെൽവം മകൻ അയ്യപ്പൻ (18), കാമരാജപുരം നാഗരാജൻ മകൻ കലാനിധി കർണൻ (18) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് കുളിക്കാനിറങ്ങിയ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളും ഫയർഫോഴ്‌സും ചേർന്ന് ഇരുവരെയും പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. അയ്യപ്പൻ കമ്പ്യൂട്ടർ അനുബന്ധ ജോലികൾ ചെയ്തുവരികയായിരുന്നു. കലാനിധി കർണൻ കോയമ്പത്തൂർ സി.ബി.എം കോളേജിലെ രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിയാണ്.
ഗുരുപ്രസാദ്, ജെബ്രിനാഥ്, മണികണ്ഠൻ, ചന്ദ്രു, നിതീഷ് എന്നിവരാണ് കൂടെയുണ്ടായിരുന്നവർ. ഇവർ വിദ്യാർത്ഥികളാണ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും. മലമ്പുഴ പൊലീസ് ഇൻക്വസ്റ്റ് നടത്തി.