പാലക്കാട്: മോയൻസ് സ്‌കൂളിന് സമീപം കാടുപിടിച്ചുകിടക്കുന്ന ടി.ആർ.കൃഷ്ണസ്വാമി അയ്യർ പാർക്കിന്റെ നവീകരണം ആരംഭിച്ചു. നഗരസഭയുടെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപയുടെ നവീകരണമാണ് നടക്കുന്നത്.

സ്വാതന്ത്രസമര സേനാനിയായ കൃഷ്ണസ്വാമി അയ്യരുടെ പേരിലുള്ള ഈ പാർക്ക് കാടുകയറി നശിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അദ്ദേഹത്തിന്റെ ചരമവാർഷികത്തിന് പേരിന് ഒന്ന് വൃത്തിയാക്കും. അല്ലാതെ വിപുലമായ നവീകരണം നടക്കാറില്ല.

നവീകരണം ഇങ്ങനെ

ചുറ്റുമതിലും കവാടവും നിർമ്മിക്കും
ഇന്റർലോക്ക് ചെയ്ത നടപ്പാത നിർമ്മിക്കും
കുടിവെള്ളം സൗകര്യം ഏർപ്പെടുത്തും
പുതിയ ഇരിപ്പിടങ്ങൾ സ്ഥാപിക്കും
കുട്ടികൾക്ക് കളിക്കാൻ ഉപകരണങ്ങൾ
പൂന്തോട്ടവും മരങ്ങളും വച്ചുപിടിപ്പിക്കും
 ശൗചാലയം നിർമ്മിക്കും

കേരളീയ മാതൃകയെന്ന നിലയിൽ വെട്ടുകല്ല് ഉപയോഗിച്ചാണ് ചുറ്റുമതിലിന്റെ നിർമ്മാണം. കവാടം സംഗീത കോളേജിന് സമീപത്തേക്ക് മാറ്റി സ്ഥാപിക്കും. പാർക്കിന് നടുവിലിലും കവാടത്തിന് നേരെയുമായി പ്രതിമ സ്ഥാപിക്കും. ഇതോടെ റോഡിലൂടെ പോകുന്നവർക്ക് പാർക്കും പ്രതിമയും വ്യക്തമായി കാണാനാകും. നവീകരണ പൂർത്തിയാകുന്നതോടെ നഗരത്തിലുള്ളവർക്കും സമീപത്തെ സ്‌കൂളുകളിൽ പല ആവശ്യങ്ങൾക്കായി വരുന്നവർക്കും പാർക്കിൽവന്ന് വിശ്രമിക്കാം. സെപ്തംബറോടെ പണികൾ പൂർത്തിയാക്കാനാണ് ശ്രമം.

സ്മിത, എ.ഇ, പാലക്കാട് നഗരസഭ