ചെർപ്പുളശ്ശേരി: നഗരസഭയിലെ പതിനൊന്നാം വാർഡ് സി.പി.എം കൗൺസിലർ സാദിഖ് ഹുസൈനു നേരെ അജ്ഞാതരുടെ ആക്രമണം. പരിക്കേറ്റ സാദിഖ് ഹുസൈനെ ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. 26-ാം മൈൽ മണ്ണംകുഴിയിലെ വീട്ടിലേക്ക്
സ്‌കൂട്ടറിൽ പോകുകയായിരുന്ന സാദിഖിനെ പിന്നാലെ ബൈക്കിലെത്തിയ മൂന്നു പേർ ആക്രമിക്കുകയായിരുന്നു. ഇവർ മുഖംമറച്ചിരുന്നതായും ബൈക്കിന്റെ പിന്നിലിരുന്നയാൾ തന്നെ ചവിട്ടി വീഴ്ത്തിയതായും അദ്ദേഹം പറഞ്ഞു.
വീഴ്ചയിൽ കൈയിലെ എല്ലൊടിഞ്ഞിട്ടുണ്ട്. രാത്രിയിൽ ഫോണിൽ വിളിച്ച് തന്നെ ചിലർ ഭീഷണിപ്പെടുത്തിയതായും സാദിഖ് പറഞ്ഞു. ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശം വന്ന ഫോൺ നമ്പറും പൊലീസിന് കൈമാറിയിട്ടുണ്ട്.
അക്രമത്തിനു പിന്നിൽ മുസ്ലിംലീഗാണെന്ന് സംശയിക്കുന്നതായി സി.പി.എം ലോക്കൽ സെക്രട്ടറി കെ.നന്ദകുമാർ പറഞ്ഞു. മുസ്ലിം ലീഗിന്റെ വാർഡായിരുന്ന 26-ാം മൈൽ സാദിഖിന്റെ പ്രവർത്തനത്തിലൂടെ സി.പി.എം തിരിച്ചുപടിക്കുകയായിരുന്നു. സി.സി ടിവി ദൃശ്യങ്ങളും ഫോൺകോൾ നമ്പറും നോക്കി പ്രതികളെ ഉടൻ പിടികൂടണമെന്നും നന്ദകുമാർ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ വൈകീട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
അക്രമണത്തിനു പിന്നിൽ ലീഗിന് പങ്കില്ലെന്നും, സാദിഖ് ഹുസൈനുമായി വളരെ നല്ല ബന്ധമാണ് മുസ്ലീംലീഗ് തുടർന്നു പോരുന്നതെന്നും നഗരസഭാ വൈസ് ചെയർമാനും മുസ്ലീംലീഗ് ജില്ലാ സെക്രട്ടറിയുമായ കെ.കെ.എ.അസീസ് പറഞ്ഞു. വ്യക്തിപരമായ എന്തെങ്കിലും പ്രശ്‌നങ്ങളാവാം അക്രമത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.