 നാലുപേർ വിദ്യാർത്ഥികൾ

പാലക്കാട്: ഏപ്രിൽ, മെയ് മാസങ്ങളിലായി ജില്ലയിലെ ജലാശയങ്ങളിൽ പൊലിഞ്ഞത് 17 ജീവനുകൾ. കഴിഞ്ഞദിവസം മലമ്പുഴ ചെക്ക്ഡാമിൽ കൗമാരക്കാരായ രണ്ടുപേർ മരണപ്പെട്ടതാണ് ഇതിൽ അവസാനത്തെ സംഭവം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മുങ്ങിമരണങ്ങൾ കൂടുതലാണെന്നാണ് ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

അവധിക്കാലങ്ങൾ ആഘോഷമാക്കാൻ അയൽ സംസ്ഥാനത്തു നിന്നും അയൽ ജില്ലകളിൽ നിന്നുമെത്തുന്നവരാണ് മരണപ്പെടുന്നതിൽ കൂടുതൽ. ഇത്തരം ആളുകൾക്ക് ഇവിടെയുള്ള ജലാശയങ്ങളുടെ ആഴവും ഒഴുക്കും അറിയില്ല. ഇതാണ് മുങ്ങിമരണങ്ങൾക്ക് കാരണം. കൂടാതെ പലർക്കും നീന്തൽ വശമില്ലായിരുന്നു എന്നും അധികൃതർ പറഞ്ഞു.

മുങ്ങിമരണങ്ങൾ കുറയ്ക്കാനായി ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നാലു വർഷമായി മലമ്പുഴ നിന്തൽ കുളത്തിൽ അവധിക്കാല നീന്തൽ പരിശീലനം നടക്കുന്നുണ്ട്. 15 വയസിന് താഴെയുള്ളവർക്കാണ് മൂന്ന് മണിക്കൂർ വീതം 45 ദിവസം പരിശീലനം നൽകുന്നത്. ഇത്തവണ 145 കുട്ടികളാണ് പരിശീലനം പൂർത്തിയാക്കിയത്. കൂടാതെ ഓണം, ക്രിസ്തുമസ് തുടങ്ങിയ അവധിക്കാലത്തും പത്തുദിവസത്തെ പരിശീലനം നൽകുന്നുണ്ട്. ഏഴ് പൊലീസുമാരുടെ കീഴിൽ നാല് വിദഗ്ധ നീന്തർ പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലനം.

-ശ്രദ്ധിക്കേണ്ടവ
.വിനോദത്തിനായി എത്തുന്നവരിൽ നീന്തലറിയാത്തവർ ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക
. നീന്തലറിയുന്നവർ ഒഴുക്കുള്ള ഭാഗങ്ങളിലേക്ക് പോകാതിരിക്കുക
. കുട്ടികളോടൊപ്പം രക്ഷിതാക്കളുണ്ടാവണം
. കഴിവതും പുഴ, ഡാം തുടങ്ങിയ ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക