കോങ്ങാട്: രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ പഞ്ചായത്ത് ഭരണസമിതി പൈപ്പ് കണക്ഷൻ നിഷേധിച്ച വൃദ്ധ ദമ്പതികൾക്ക് ഹൈക്കോടതിയുടെ അനുകൂല വിധി.
കോങ്ങാട് പഞ്ചായത്തിലെ 15-ാം വാർഡിൽ പെരിങ്ങോട് നരസിംഹ മൂർത്തി ക്ഷേത്രത്തിനു സമീപം താമസക്കാരനായ നാരായണൻകുട്ടി, ശ്രീദേവി എന്നിവർക്കാണ് പൊതുടാപ്പിൽ നിന്ന് വെള്ളം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോടതി പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് നൽകിയത്.
വാർദ്ധക്യസഹജമായ രോഗങ്ങൾമൂലം ചികിത്സയിൽ കഴിഞ്ഞിരുന്ന കുടുംബത്തോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ പ്രദേശിക സി.പി.എം നേതാക്കൾ ഇടപെട്ടാണ് പൈപ്പ് കണക്ഷൻ വിച്ഛേദിച്ചത്. കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതിനൽകിയെങ്കിലും പഞ്ചായത്ത് നടപടിയെടുത്തില്ല. അടുത്തദിവസം കളക്ടർക്ക് പരാതിപ്പെടുകയും കണക്ഷൻ അടിയന്തരമായി പുനസ്ഥാപിക്കാൻ ഉത്തരവിടുകയും ചെയ്‌തു. പക്ഷേ, നടപ്പായില്ല. തുടർന്നാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.
ഇതിനിടെ കുടുംബത്തിന് സംരക്ഷണവുമായി ബി.ജെ.പിയും രംഗത്തെത്തി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാർ കുടിവെള്ളത്തിന് ഉടൻ പരിഹാരം ഉണ്ടാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾ ചേർന്ന് 200അടി താഴ്ചയിൽ കുഴൽകിണർ നിർമ്മിച്ചു നൽകി.