പാലക്കാട്: ജില്ലയിൽ പബ്ലിക് സർവീസ് കമ്മിഷന് സ്വന്തമായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവർത്തനങ്ങൾ 90ശതമാനം പൂർത്തിയായതായി ജില്ലാ പി.എസ്.സി അംഗം പി.ശിവദാസൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആറരക്കോടി രൂപ ചെലവാക്കി 17,863 ചതുരശ്ര അടിയിൽ നാലു നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. ആസ്‌ടെക് കമ്പനിക്കാണ് നിർമ്മാണ ചുമതല. സെപ്തംബറിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്താനാണ് ലക്ഷ്യം. വൈദ്യുതീകരണ പ്രവർത്തികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനാൽ ടെണ്ടർ നടപടികൾ മുടങ്ങിയിരുന്നു. ഇപ്പോൾ മൂന്നാമതും ടെണ്ടർ വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2018 മാർച്ച് 17നാണ് ജില്ലാ പഞ്ചായത്തിനു സമീപം കെട്ടിട നിർമ്മാണത്തിന് തറക്കല്ലിട്ടത്. പുരാവസ്തു വിഭാഗത്തിന്റെ പരിധിയിൽപ്പെട്ട സ്ഥലമായതിനാൽ ഏറെ ശ്രമപ്പെട്ടാണ് അനുമതി നേടിയത്.

2020 മാർച്ചിനുള്ളിൽ പണികൾ പൂർത്തിയാക്കിയില്ലെങ്കിൽ പിന്നീട് യാതൊരുവിധ പ്രവർത്തിയും പ്രദേശത്ത് നടത്താൻ പാടില്ലെന്ന നിബന്ധനയോടെയാണ് പുരാവസ്തുവിഭാഗം അനുമതി നൽകിയത്.
പി.എസ്.സിയുടെ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് കേരളത്തിൽ എല്ലാ ജില്ലകളിലും കമ്മിഷന് സ്വന്തമായി കെട്ടിടം നിർമിക്കുന്നുണ്ട്. ഇത് ആദ്യംനിലവിൽ വരുന്നത് പാലക്കാട് ജില്ലയിലാണെന്നും അദ്ദേഹം പറഞ്ഞു.