കൊല്ലങ്കോട്: മുതലമട കള്ളിയമ്പാറയിൽ ഒറ്റയാനിറങ്ങി കൃഷി നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വേലൻകാട്ടിൽ പി.വാസുദേവന്റെ നൂറോളം വാഴകളും മൂന്നു തെങ്ങും പി.ചെന്താമരാക്ഷന്റെ അറുപതോളം വാഴകളുമാണ് നശിപ്പിച്ചത്. ഇതിൽ വാഴയും തെങ്ങുമെല്ലാം കായ്ഫലം ഉള്ളവയാണ്.

കൊല്ലങ്കോട് സെക്ഷൻ ഫോറസ്റ്ററുടെ നേതൃത്വത്തിൽ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച രാത്രി പ്രദേശത്ത് ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ ആനയുടെ കാൽപ്പാടുകൾ പരിശോധിച്ചാണ് ഒറ്റയാനാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചത്. വനമേഖലകളിൽ പലയിടങ്ങളിലും ഫെൻസിങ് തകർന്നതും വന്യജീവികൾ ഇറങ്ങാൻ കാരണമായിട്ടുണ്ട്.