പാലക്കാട്: കുരുന്നുകൾക്കായി ജില്ലയിലെ അംഗൺവാടികൾ സ്മാർട്ടാവുന്നു. കുട്ടികളുടെ ശാരീരിക മാനസിക കഴിവുകളെ വികസിപ്പിക്കുന്നതിന് വനിതാ ശിശുക്ഷേമ വകുപ്പിന്റെ സമഗ്ര ശിശുവികസന പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലയിൽ ആകെയുള്ള 2835 അംഗൺവാടികളിൽ 400റോളം വാടക കെട്ടികത്തിലാണ് പ്രവർത്തിക്കുന്നത്. ഈ അംഗൺവാടികൾക്ക് പദ്ധതി ഏറെ പ്രയോജനമാകും. സ്മാർട്ടാകാൻ ചുരുങ്ങിയത് നഗരത്തിൽ 1.25 സെന്റും ഗ്രാമങ്ങളിൽ മൂന്ന് സെന്റും സ്ഥലം വേണം. പത്ത് മുതൽ 15 സെന്റ് സ്ഥലമുള്ള അംഗൺവാടികൾക്ക് നീന്തൽകുളം, പൂന്തോട്ടം തുടങ്ങിയവയും സ്ഥാപിക്കും. പദ്ധതി നടപ്പിലാക്കുന്നതിനായി സ്ഥലം കണ്ടെത്തുന്നതിന്റെചുമതല ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർമാർക്കാണ്.
-സ്മാർട്ടാകുന്നത് ഇങ്ങനെ
പഠനമുറി
ഡൈനിംഗ് ഹാൾ
വിശ്രമമുറി
അടുക്കള
സ്റ്റോർ റൂം
ശീതീകരണ സംവിധാനം
പൂന്തോട്ടം
മരങ്ങൾ വച്ചുപിടിപ്പിക്കൽ
-സ്മാർട്ട് പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ജില്ലയിലെ 10-15 സെന്റ് സ്ഥലമുള്ള ഒമ്പത് അംഗൺവാടികളുടെ ലിസ്റ്റ് സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇവയിൽ ആദ്യം തിരഞ്ഞെടുക്കുന്നവയിലായിരിക്കും പ്രവർത്തനങ്ങൾ ആരംഭിക്കുക. കൂടാതെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വന്തമായി കെട്ടിടമുള്ള അംഗൺവാടികളെല്ലാം ശിശു സൗഹാർദമാക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. കുട്ടിക്കഥകൾ, കാർട്ടൂൺ കഥാപാത്രങ്ങൾ എന്നിവയെല്ലാം ചുമരുകളിൽ പെയിന്റ് ചെയ്യുന്ന ജോലി പുരോഗമിക്കുകയാണ്. നിലവിൽ 70ശതമാനം പ്രവർത്തനം സി.ആർ.ലത, ജില്ലാ പ്രോഗ്രാം ഒാഫീസർ, ഐ.സി.ഡി.എസ്.
പ്രവേശനോത്സവം നടന്നു
ജില്ലയിലെ 2835 അംഗൺവാടികളിലും ഇന്നലെ പ്രവേശനോത്സവം നടന്നു. പുതുശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു സുരേഷ് നിർവഹിച്ചു. പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ സി.ആർ.ലത, വി.ശിവകാമി, പി.മീര, വി.ഡി.ഉദയകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും നടന്നു.