പാലക്കാട്: ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് 20 ശതമാനം ആനുപാതിക സീറ്റ് വർദ്ധനവ് പരിഹാരമല്ലെന്നും കണ്ണിൽ പൊടിയിട്ട് തടിതപ്പാൻ സർക്കാറിനെ അനുവദിക്കില്ലെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. ജില്ലയിൽ നിലവിൽ 28,206 സീറ്റുകളാണുള്ളത്. വർദ്ധനവിലൂടെ 5641 സീറ്റുകൾ അധികം വരുമ്പോൾ ആകെ എണ്ണം 33,847 ആകും. ഇതിൽ തന്നെ 8134 സീറ്റുകൾ ഏകജാലക സംവിധാനത്തിന് പുറത്ത് പ്രവേശനം നൽകുന്നവയാണ്. ജില്ലയിലെ പ്ലസ് വൺ അപേക്ഷരുടെ എണ്ണം 44,927 ആണ്. 20 ശതമാനം സീറ്റ് വർദ്ധനയുണ്ടായിട്ടും 11,080 പേർക്ക് ജില്ലയിൽ പഠിക്കാൻ പ്ലസ് വണിന് സീറ്റില്ലെന്നതാണ് അവസ്ഥ.
സീറ്റ് വർദ്ധനവിലൂടെ 50: 1 എന്ന അധ്യാപക വിദ്യാർത്ഥി അനുപാതം 60:1 ആകും. ഇത് ക്ലാസ് മുറികളിൽ വലിയ തോതിൽ ഞെരുക്കം സൃഷ്ടിക്കും. അധ്യാപകരും ഏറെ പ്രയാസപ്പെടേണ്ടി വരും. ദീർഘവീക്ഷണത്തോടെ സീറ്റ് പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണുകയാണ് വേണ്ടത്. അതിനായി വിദ്യാർത്ഥികളുടെ തോതിനനുസരിച്ച് പുതിയ ബാച്ചുകൾ അനുവദിക്കുകയും ജില്ലയിലെ ഗവൺമെന്റ് / എയ്ഡഡ് ഹൈസ്‌കൂളുകളെ ഹയർ സെക്കൻഡറികളയി ഉയർത്തുകയും വേണം. തെക്കൻ ജില്ലകളിൽ മതിയായ കുട്ടികളില്ലാത്ത 50തിൽ പരം ബാച്ചുകൾ മലബാർ ജില്ലകളിലേക്ക് ട്രാൻസ്ഫർ ചെയ്യണം.
മലബാറിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സർക്കാർ സമഗ്ര വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പി.ഡി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. നവാഫ് പത്തിരിപ്പാല, റഷാദ് പുതുനഗരം, ഫിറോസ്.എഫ്.റഹ്മാൻ, കെ.എം.സാബിർ അഹ്‌സൻ, ഷഫീഖ് അജ്മൽ, സമദ് പുതുപ്പള്ളി തെരുവ് എന്നിവർ സംസാരിച്ചു.