പാലക്കാട്: നാടിനെ പച്ചപുതപ്പിക്കാൻ തൊഴിലുറപ്പ് പദ്ധതിയിലൂടെ ജില്ലയിൽ തയ്യാറാവുന്നത് 200114 തൈകൾ. 13 ബ്ലോക്കുകളിലെ 61 നഴ്‌സറികളിലായാണ് തൈകൾ തയ്യാറാവുന്നത്. ഇത്തവണ ഫലവൃക്ഷങ്ങൾക്കാണ് മുൻഗണന.
കശുമാവ്, മാവ്, പ്ലാവ്, പുളി, പേര, സപ്പോട്ട, കുടംപുളി, ആര്യവേപ്പ്, നെല്ലി, കറിവേപ്പ്, മാതളം, ഞാവൽ തുടങ്ങിയ വൃക്ഷതൈകളാണ് ഉൾപ്പെട്ടിരിക്കുന്നത്. പരിസ്ഥിതി ദിനമായ ജൂൺ അഞ്ച് മുതൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ വഴി തൈകൾ വിതരണം ചെയ്യും. കൂടാതെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുസ്ഥലങ്ങൾ, റോഡിന്റെ വശങ്ങൾ, പൊതുകുളങ്ങളുടെ വശങ്ങൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കും.
400 തൈകൾ സംരക്ഷിക്കാൻ ഒരു തൊഴിലാളിയെന്ന ക്രമത്തിൽ ഇതിലൂടെ തൊഴിൽദിനങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. തൈ പരിപാലത്തിന് ചുമതലപ്പെടുത്തുന്ന തൊഴിലാളികൾ മൂന്നുവർഷത്തേക്ക് തൈകളുടെ സംരക്ഷണം ഏറ്റെടുത്ത് നടപ്പിലാക്കും. ഇതിലൂടെ പരിസ്ഥിതി സംരക്ഷണം സാധ്യമാക്കുകയും തൊഴിൽദിനങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് ഉദ്ദേശ്യം.