ചെർപ്പുളശ്ശേരി: വല്ലപ്പുഴ തെങ്ങുംവളപ്പിലെ മേലേതിൽ ഗഫൂറിന്റെ വീട്ടിൽനിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന പതിനയ്യായിരം പായ്ക്കറ്റ് സിഗരറ്റ് ചെർപ്പുളശ്ശേരി പൊലീസ് പിടികൂടി.
നികുതി വെട്ടിപ്പ് നടത്തിയും വിലയിൽ കൃത്രിമം കാണിച്ചാണ് സിഗരറ്റ് വിൽപ്പന നടത്തിയിരുന്നതെന്നും കണ്ടെത്തി. പിടികൂടിയ സിഗരറ്റിന് 15 ലക്ഷം രൂപയിലധികം വിലവരുമെന്ന് പൊലീസ് പറഞ്ഞു.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും സിഗരറ്റ് പായ്ക്കറ്റ് ഒന്നിന് 49രൂപയ്ക്ക് വാങ്ങി കേരളത്തിൽ 69രൂപയ്ക്ക് വിൽപ്പന നടത്തി വരികയായിരുന്നു. 49രൂപയുടെ പായ്ക്കറ്റിൽ 69രൂപയുടെ പുതിയ സ്റ്റിക്കർ പതിച്ചതായും കണ്ടെത്തി. പിടിയിലായ ഗഫൂറിനെതിരെ നേരത്തെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൈവശം വച്ചതിനു വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്.
ഷൊർണൂർ ഡിവൈ.എസ്.പി ഷിനോജിന്റെ നിർദ്ദേശത്തെ തുടർന്ന് എസ്.ഐമാരായ റോയ് ജോർജ്, ബാബുരാജ്, സാദിഖ് അലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.എ.എസ്.ഐ അബ്ദുൾസലാം, സിവിൽ പൊലീസ് ഓഫീസർമാരായ താഹിർ, ഉദയൻ, സജിത്, പ്രശാന്ത് എന്നിവരും പങ്കെടുത്തു.