വടക്കഞ്ചേരി: പുല്ലം പാടത്ത് പ്ലാസ്റ്റിക് പൊടിക്കുന്ന കമ്പനിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വണ്ടാഴി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. മാലിന്യങ്ങൾ നീക്കാൻ ഡി.ഡി.പി നൽകിയ ഉത്തരവ് മറികടന്ന് സെക്രട്ടറി സ്ഥാപന ഉടമക്ക് കൂടുതൽ സമയം അനുവദിച്ചെന്നാരോപിച്ചായിരുന്നു സമരം. പിന്നീട് പൊലീസെത്തി സമരക്കാരുമായി ചർച്ച നടത്തി. കമ്പനി ഉടമയെ വിളിച്ചുവരുത്തി സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ജൂൺ നാലിനുള്ളിൽ മാലിന്യം നീക്കി പ്രദ്ദേശം വൃത്തിയാക്കാനും തീരുമാനമായി. അല്ലാത്തപക്ഷം ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കും. പ്രമോദ് തണ്ടലോടിന്റെ നേതൃത്വത്തിലായിരുന്നു സമരം.