പത്തനംതിട്ട: കണക്കെല്ലാം കൂട്ടിക്കിഴിച്ചു. മേഖല തിരിച്ച് പോളിംഗ് ശതമാനം തിരിച്ചും മറിച്ചുമിട്ട് വിശകലനം ചെയ്‌തു. ആണും പെണ്ണും തിരിച്ച് അളന്നു തൂക്കി നോക്കി. എങ്ങനെ നോക്കിയാലും മറിച്ചൊരു കണക്കിന് ഒരു സ്കോപ്പുമില്ല. എന്നാലും വിജയം ഉറപ്പെന്ന് അറുത്തുമുറിച്ച് പറയാൻ മൂന്നാഴ്‌ച കൂടി കാത്തിരുന്നേ പറ്റൂ.
പത്തനംതിട്ടയിൽ വിശ്വാസം പ്രധാന തിരഞ്ഞെടുപ്പു വിഷയമായിരുന്നതുകൊണ്ട് സംസ്ഥാനത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ കണ്ണുകൾ ഇവിടേയ്‌ക്കുണ്ട്. ത്രികോണ മത്സരം കഴിഞ്ഞപ്പോൾ ഉളളിൽ തീയാളുന്നത് പുറമേ കാണിക്കാതെ പ്രതീക്ഷകളിൽ കണക്കുവയ്‌ക്കുകയാണ് മുന്നണി നേതാക്കൾ. സിറ്റിംഗ് എം.പി ആന്റോ ആന്റണിയായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. എൽ.ഡി.എഫ് വീണാജോർജ് എം.എൽ.എയെ അവതരിപ്പിച്ചു. എൻ.ഡി.എ കെ.സുരേന്ദ്രനെയും രംഗത്തിറക്കി.
2014-ലേതിനെക്കാൾ പോളിംഗ് 8.17 ശതമാനം വർദ്ധിച്ചത് ആരെ തുണയ്‌ക്കുമെന്നതാണ് ആർക്കും പിടികിട്ടാത്തത്. പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കുന്നതിൽ മൂന്നു മുന്നണികളും വാശി കാണിച്ചുവെന്ന് നേതാക്കൾ സമ്മതിക്കുന്നു. മണ്ഡലം രൂപീകരിച്ച ശേഷം ആദ്യം തിരഞ്ഞെടുപ്പു നടന്ന 2009-ൽ 65.7ശതമാനമായിരുന്നു പോളിംഗ്. കഴിഞ്ഞ തവണ ഇത് നേരിയ തോതിൽ വർദ്ധിച്ച് 66.02 ആയി. ഇത്തവണ പോളിംഗ് കുതിച്ചുകയറിയത് ഹിന്ദു ഭൂരിപക്ഷ മേഖലയിലാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ആ കണക്കും കൂടി നോക്കിയാണ് മുന്നണികൾ വിജയസാദ്ധ്യത പറയുന്നത്.
എൽ.ഡി.എഫ്
ലോക്‌സഭാ മണ്ഡലത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും വലിയ തോതിൽ ലീഡ് നേടുമെന്ന് എൽ.ഡി.എഫ് വിലയിരുത്തുന്നു. പത്തുവർഷം എം.പിയായിരുന്ന ആന്റോ ആന്റണിയാേടുളള വിരുദ്ധവികാരം യു.ഡി.എഫിൽ വോട്ടു ചോർച്ചയുണ്ടാക്കും. സംസ്ഥാന സർക്കാരിന്റെ വികസന രാഷ്ട്രീയം ചർച്ച ചെയ്‌ത തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനാണ് ആ വോട്ടുകൾ വീഴുക. മോദി സർക്കാരിനോടുളള വോട്ടർമാരുടെ എതിർപ്പും എൽ.ഡി.എഫിന് തുണയാകും. പുതിയ വോട്ടർമാരും വനിതകളും വീണയ്ക്ക് വോട്ടു ചെയ്തിട്ടുണ്ടാവും. ശബരിമല വിഷയത്തിൽ ബി.ജെ.പി നേരിയ തോതിൽ വോട്ടു വർദ്ധിപ്പിച്ചേക്കും. എൻ.ഡി.എ നടത്തിയ തീവ്ര പ്രചാരണം കാരണം ന്യൂനപക്ഷ വിഭാഗങ്ങൾ എൽ.ഡി.എഫിനോടാണ് അടുത്തത്. അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വീണാ ജോർജ് ജയിക്കുമെന്നാണ് വിലയിരുത്തൽ.
''എൽ.ഡി.എഫ് ഒരു വർഷം മുൻപേ താഴേത്തട്ടിൽ തിരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചതാണ്. അതിന്റെ പ്രതിഫലനമാണ് പോളിംഗ് ശതമാനത്തിലെ വർദ്ധനയിൽ കണ്ടത്. പുതിയ വോട്ടർമാരും വനിതകളും എൽ.ഡി.എഫിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ട്." ഇടതു മുന്നണി തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയർമാൻ എ.പി.ജയൻ പറയുന്നു.
യു.ഡി.എഫ്
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ലീഡ് നേടുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. ആന്റോ ആന്റണി അര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. കഴിഞ്ഞ തവണത്തേക്കാൾ ബി.ജെ.പി വോട്ടുകൾ വർദ്ധിക്കും. എൽ.ഡി.എഫിൽ നിന്ന് വോട്ടുകൾ ബി.ജെ.പിയിലേക്കു പോകും. പത്തനംതിട്ട പൊതുവെ യു.ഡി.എഫ് ചായ് വ് പ്രകടിപ്പിക്കുന്ന നാടാണ്. എൻ.ഡി.എ ശബരിമല പ്രധാന വിഷയമാക്കിയതിനാൽ യു.ഡി.എഫിന് അനുകൂലമായി ന്യൂനപക്ഷ വോട്ടുകളുടെ ശക്തമായ ഏകീകരണമുണ്ടായി. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്നതിനാൽ ഹിന്ദു വോട്ടുകൾ കൂടുതലായി പ്രതീക്ഷിക്കുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളോട് എതിർപ്പുളളവരും യു.ഡി.എഫിനൊപ്പം നിന്നിട്ടുണ്ടാകും. പുതിയ വോട്ടർമാരും വനിതകളും യു.ഡി.എഫിനൊപ്പമാണെന്നാണ് പ്രതീക്ഷ.
'' ഒാരോ ബൂത്തിലെയും 30 ശതമാനം വോട്ടുകൾ യു.ഡി.എഫിനൊപ്പമാണ്. ചില മണ്ഡലങ്ങളിൽ ഇത് 60 ശതമാനം വരെയുണ്ട്. വൻ ഭൂരിപക്ഷത്തിൽ ആന്റോ ആന്റണി വിജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്." ഡി.സി.സി പ്രസിഡന്റ് ബാബു ജോർജിന്റെ കണക്കെടുപ്പ് ഇങ്ങനെ.
എൻ.ഡി.എ
ഹിന്ദു മേഖലകളിലെ പോളിംഗ് ശതമാനം വലിയ തോതിൽ വർദ്ധിച്ചതിലാണ് എൻ.ഡി.എയുടെ പ്രതീക്ഷ. ഹിന്ദു വോട്ടുകളിൽ 65 ശതമാനവും കെ.സുരേന്ദ്രന് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. സുരേന്ദ്രൻ 3.75 ലക്ഷം വോട്ടു നേടുമെന്ന് പ്രതീക്ഷിക്കുന്നു. വിശ്വാസ വിഷയം മുൻനിറുത്തിയുളള പ്രചാരണത്തിൽ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്ന് വോട്ടുകൾ പ്രതീക്ഷിക്കുന്നു. അടൂർ, കോന്നി, കാഞ്ഞിരപ്പളളി, ആറന്മുള, പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങളിൽ ലീഡ് പ്രതീക്ഷിക്കുന്നു. റാന്നി, തിരുവല്ല മണ്ഡലങ്ങളിൽ മുൻവർഷത്തേക്കാൾ വോട്ടുവർദ്ധന പ്രതീക്ഷിക്കുന്നു. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിൽ നിന്നുളള വോട്ടുചോർച്ചയും പുതിയ വോട്ടർമാരും വനിതകളും സഹായകമായേക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർലമെന്റ് മണ്ഡലത്തിലാകെ 1.91ലക്ഷം വോട്ടുകൾ ലഭിച്ചു. അത്രയും വോട്ടുകൾ കൂടി ലഭിക്കണം എൻ.ഡി.എയ്‌ക്ക് അട്ടിമറിജയം പ്രതീക്ഷിക്കാൻ.
'' ഇത്തവണ അട്ടിമറി സംഭവിക്കും. എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫിൽ നിന്നും വൻ തോതിൽ അടിയൊഴുക്കുണ്ടാകും." എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ടി. ആർ. അജിത് കുമാർ പറയുന്നു.
പോളിംഗ് ശതമാനം
2019: 74.19
2014: 66.02
വർദ്ധന: 8.17