money

പന്തളം: ആർ.ഡി ഏജന്റ് വഴി പോസ്റ്റ് ഒാഫീസിൽ നടത്തിയ നിക്ഷേപങ്ങളിൽ ക്രമക്കേട് ഉണ്ടെന്നുള്ള ആരോപണത്തെ തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.
കുളനട പോസ്റ്റോഫീസിലെ ആർ.ഡി ഏജന്റായിരുന്ന അമ്പിളി ജി. നായരുടെ മരണത്തോടെയാണ് കോടികളുടെ തട്ടിപ്പ് പുറത്തു വന്നത്. നിക്ഷേപകരിൽ പലരുടെയും പണം അടയ്ക്കാതിരിക്കുക, അടച്ച പണത്തിൽ നിന്ന് നിക്ഷേപകരറിയാതെ ലോൺ എടുക്കുക, സ്ഥിര നിക്ഷേപം കാലാവധി കഴിഞ്ഞിട്ടും മടക്കി നൽകാതിരിക്കുക എന്നിങ്ങനെയാണ് ക്രമക്കേട് സംഭവിച്ചിട്ടുള്ളത്. ഏജന്റിന്റെ മരണത്തോടെ പലരും നിക്ഷേപത്തെപ്പറ്റി അന്വേഷണം നടത്തിയപ്പോഴാണ് ഗുരുതരമായ തട്ടിപ്പ് പുറത്തുവന്നത്. കുളനട പഞ്ചായത്തിലെ സാധാരണക്കാരായ നൂറ് കണക്കിനാളുകളുടെ പണമാണ് നഷ്ടപ്പെട്ടത്. പോസ്റ്റോഫീസ് ജീവനക്കാരുടെ ഒത്താശയോടെയാണ് തട്ടിപ്പ് നടന്നതെന്ന് നിക്ഷേപകർ ആരോപിക്കുന്നു. തട്ടിപ്പിനിരയായവരിൽ നിരവധി പേർ പോസ്റ്റോഫീസിലും പൊലീസിലും പരാതി നൽകി. ക്രമക്കേടുകൾ കണ്ടെത്തി മാസങ്ങൾ കഴിഞ്ഞിട്ടും പോസ്റ്റോഫീസ് അധികൃതർ നടപടി സ്വീകരിക്കാത്തതിൽ നിക്ഷേപകർ പ്രതിഷേധത്തിലാണ്. തട്ടിപ്പിന് ഇരയായ പരാതി നൽകാത്തവർ ഉടൻ ഇലവുംതിട്ട പൊലീസിലും പോസ്റ്റോഫീസിലും പരാതി നൽകാനും വിപുലമായ സമരസമിതി രൂപീകരിക്കാനും തീരുമാനിച്ചു. സമഗ്രമായ അന്വേഷണം പോസ്റ്റോഫീസ് വകുപ്പ് തലത്തിലും പൊലീസ് തലത്തിലും നടത്തി ക്രമക്കേടുകൾ പുറത്തുകൊണ്ടുവരണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.

സമരസമിതി യോഗം

തട്ടിപ്പിനിരയായവരുടെ വിപുലമായ യോഗം 5ന് വൈകിട്ട് 4ന് ഉളനാട് എം.എസ്.സി എൽ.പി സ്‌കൂളിന് സമീപം ചേരും.
സമരസമിതി രൂപീകരണത്തിന്റെ ആലോചനായോഗത്തിൽ ജേക്കബ് തോമസ് അദ്ധ്യക്ഷതവഹിച്ചു. എം.ടി.കുട്ടപ്പൻ,അഡ്വ.ബാബു സാമുവേൽ, അഡ്വ.രാജു ഉളനാട്, വി.സി.തോമസ്, ജോസ് വർഗീസ്, പോൾരാജൻ, ലെജു പി.തോമസ് എന്നിവർ പ്രസംഗിച്ചു.