എയറോബിക് കമ്പോസ്റ്റ് ബിന്നുകൾ തകർത്തു
ചെങ്ങന്നൂർ: പെരുംങ്കുളം പാടത്ത് 18 ലക്ഷം രൂപ ചെലവിട്ട് സ്ഥാപിച്ച എയറോബിക് കമ്പോസ്റ്റ് ബിന്നുകൾ തകർത്ത സംഭവത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി ഇടതു വലതു മുന്നണികൾ. പെരുംങ്കുളത്ത് അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന നഗരസഭാ സ്റ്റേഡിയത്തിന് തുരങ്കം വയ്ക്കാനാണ് എയറോബിക് ബിന്നുകൾ തകർത്തതെന്ന് എൽ.ഡി.എഫും സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി യു.ഡി.എഫും രംഗത്തെത്തി. എയറോബിക് കമ്പോസ്റ്റുകളിലെ ആറുവീതം വരുന്ന 12 ബിന്നുകളാണ് പൂർണ്ണമായും തകർത്തത്.
പെരുംകുളം പാടത്ത് അന്താരാഷ്ട്ര നിലവാരത്തിലുളള സ്റ്റേഡിയം നിർമ്മാണത്തിനായി ഇടതു സർക്കാർ അംഗീകാരം നൽകിയിരുന്നു. നിർമ്മാണ പ്രവർത്തികൾക്കായി കുഴിയെടുത്തതോടെ ഇവിടെ വർഷങ്ങളായി നിക്ഷേപിച്ചിരുന്ന മാലിന്യം പുറത്തെടുക്കേണ്ടി വന്നു. ഇത് സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് കൂട്ടിയതോടെ അസഹ്യമായ ദുർഗന്ധമാണ് ഉണ്ടായത്. ഇതേ തുടർന്ന് രണ്ടാഴ്ചമുൻപ് നാട്ടുകാർ നിർമ്മാണ പ്രവർത്തികളും നഗരസഭയുടെ മാലിന്യ വാഹനവും തടഞ്ഞു.
എയറോബിക് കമ്പോസ്റ്റ് ബിന്നുകൾ സ്ഥാപിച്ചെങ്കിലും ഇതിലൂടെ മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടത്താൻ സാധിച്ചിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇപ്പോൾ നാലു ടണ്ണോളം മാലിന്യങ്ങളാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. ഇവ കൃത്യമായി സംസ്‌കരിക്കാതെ പാടത്തിന്റെ ഒരു ഭാഗത്ത് ഇറക്കി ഇതിന് പുറത്ത് മണ്ണിട്ട് മൂടുകമാത്രമാണ് ചെയ്യുന്നത്.
സ്റ്റേഡിയം നിർമ്മാണത്തിന് തുരങ്കം വയ്ക്കാൻ നീക്കം: എൽ.ഡി.എഫ്
കമ്പോസ്റ്റ് ബിന്നുകൾ തകർത്തത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മാണത്തിന് തുരങ്കം വയ്ക്കാനാണെന്ന് നഗരസഭ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ആരോപിച്ചു.
48 കോടി രൂപ ചെലവഴിച്ച് സ്റ്റേഡിയം നിർമ്മാണത്തിന് അനുമതി ലഭിച്ചത് മുതൽ യു.ഡി.എഫിലെ ചിലർ നിർമ്മാണം തടയുന്നതിനുള്ള തീവ്രശ്രമത്തിലാണ്. നിർമ്മാണത്തിന്റെ ഭാഗമായി പൈലുകൾ കുഴിക്കുന്ന ജോലികൾ കഴിഞ്ഞ ഒന്നര മാസമായി പുരോഗമിക്കുകയാണ്. പൈലിംഗ് ജോലിക്കിടെ പുറത്തു വരുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിച്ച് പെരുങ്കുളം പാടത്ത് സൂക്ഷിച്ചിട്ടുണ്ട്. ഇവയുടെ സംസ്‌കരണത്തെ സംബന്ധിച്ച് ആലോചനകൾ പുരോഗമിക്കുമ്പോഴാണ് രാത്രിയിൽ എയറോബിക് യൂണിറ്റുകൾ തകർത്തത്. ഇതു മൂലം മാലിന്യ സംസ്‌കരണം നിർജ്ജീവമാക്കുകയും സമീപവാസികളെ പ്രകോപിതരാക്കി സ്റ്റേഡിയം നിർമ്മാണത്തിനെതിരെ ജനരോഷം തിരിച്ചു വിടുകയാണ് ലക്ഷ്യമെന്നും എൽ.ഡി.എഫ് ആരോപിച്ചു.
സംഭവത്തിൽ ദുരൂഹത: യു.ഡി.എഫ്
ചെങ്ങന്നൂർ: സ്‌റ്റേഡിയം മൈതാനത്തെ നഗരസഭയുടെ എയറോബിക് കമ്പോസ്റ്റ് ബിന്നുകൾ തകർത്തതിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ജില്ലാ പൊലീസ് മേധാവിക്ക് യു.ഡി.എഫ് നഗരസഭാ കൗൺസിലർ ഷിബുരാജൻ പരാതി നൽകി. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും അന്വേഷണം എങ്ങും എത്താത്ത സാഹചര്യത്തിലാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. ബിന്നുകൾ തർക്കുന്നതിന് ദൃക്‌സാക്ഷികളുണ്ടായിട്ടും പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.