ചെങ്ങന്നൂർ: മഠത്തുംപടി - ഓട്ടാഫീസ് റോഡിൽ പുനർനിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. റോഡ് ഉയർത്തി പുതുക്കി നിർമ്മിച്ചതോടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ വശങ്ങളിലെ താഴ്ചയിലേക്ക് ഇറങ്ങിയാണ് അപകടം ഉണ്ടാകുന്നത്. മാത്രമല്ല റോഡിന്റെ വശങ്ങളിലെ താഴ്ചയും വെളളക്കെട്ടും ചെളിയും അപകട കാരണമാണ്. നെടുവരംകോട് മഹാദേവക്ഷേത്രം, ആറാട്ടു കടവിലേക്കുള്ള വഴി, എസ്.എൻ.ഡി.പി സ്‌കൂൾ, അംഗൻവാടി, ഗുരുമന്ദിരം, ആലാ ക്രിസ്തു രാജാ കാത്തലിക്ക് ചർച്ച് എന്നിവയുടെ സമീപത്ത് വശങ്ങളിൽ വാഹനങ്ങൾ ഇറക്കി പാർക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.
അപാകത പരിഹരിക്കണം: യൂത്ത് കോൺഗ്രസ്
മഠത്തുംപടി - ഓട്ടാഫീസ് റോഡിൽ പുനർനിർമ്മാണം നടത്തിയഭാഗത്തെ അപാകത പരിഹരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആലാ മണ്ഡലംകമ്മിറ്റി ആവശ്യപ്പെട്ടു. റോഡിന്റെ വശങ്ങളിൽ മണ്ണിട്ട് ഉയർത്തുകയും കോൺക്രിറ്റും തറയോടും പാകി വൃത്തിയാക്കുകയും ചെയ്യണം. സമയ ബന്ധിതമായി ദിശാ സൂചികകളും സിഗ്നൽ സംവിധാനങ്ങളും ഒരുക്കണം. അല്ലാത്തപക്ഷം പൊതുമരാമത്ത് ചെങ്ങന്നൂർ അസി.എൻജിനിയറുടെ ഓഫീസും റോഡും ഉപരോധിക്കുമെന്ന് യൂത്ത് കോൺഗ്രസ് ആലാ മണ്ഡലം പ്രസിഡന്റ് പ്രവീൺ എം.കെ പറഞ്ഞു.