പത്തനംതിട്ട: യുവമോർച്ച നഗരസഭാ കമ്മിറ്റി വൈസ് പ്രസിഡന്റ് രാഹുൽ വി. നായർക്ക് വെട്ടേറ്റു. പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഏഴു മണിയോടെ റിംഗ്റോഡിൽ സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളിനു സമീപമുളള പെട്രോൾ പമ്പിന് അടുത്തായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച രാഹുലിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി. സുഹൃത്തിനെ മർദ്ദിച്ച് ഒാടിച്ച ശേഷം രാഹുലിനെ വെട്ടുകയായിരുന്നു. തലയ്ക്കു പരിക്കേറ്റതിനെ തുടർന്ന് രാഹുൽ പാരിഷ് ഹാൾ ഭാഗത്തേക്ക് ഒാടി. ഇൗ ഭാഗത്തുകൂടി ബൈക്കുകളിലെത്തിയ സംഘം തന്നെ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചെന്ന് രാഹുൽ പറഞ്ഞു. നാട്ടുകാർ ഒാടിയെത്തി രാഹുലിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം, ഡി.വൈ.എഫ്. എെ പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്ന് രാഹുൽ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ശബരിമല വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ഡി.വൈ.എഫ്. എെ പ്രവർത്തകരും രാഹുലുമായുണ്ടായ വാഗ്വാദമാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു. . പരിക്കേറ്റ രാഹുലിനെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയും ആറൻമുള മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഒാമല്ലൂരും സന്ദർശിച്ചു.
തിരഞ്ഞെടുപ്പിലെ പരാജയഭീതിയിൽ വിറളിപൂണ്ട സി.പി.എം ഗുണ്ടകളെ ഉപയോഗിച്ച് പത്തനംതിട്ടയിൽ അക്രമം അഴിച്ചുവിടുന്നത് അവസാനിപ്പിക്കണമെന്ന് അശോകൻ കുളനട ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കൊട്ടിക്കലാശ ദിവസം മുതൽ ബി.ജെ.പി പ്രവർത്തകർക്കു നേരെ സി.പി.എം നിരന്തരം ആക്രമണം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.