prasad
prasad

കോന്നി: അവധിക്ക് നാട്ടിലെത്തിയ പിതാവ് ഏക മകൾക്കൊപ്പം സഞ്ചരിച്ച സ്കൂട്ടറിൽ ബസിടിച്ച് ഇരുവരും മരിച്ചു. അരുവാപ്പുലം പുളിഞ്ചാണി വാകവേലിൽ ബി.എസ്. പ്രസാദ് (53), മകൾ അനു പ്രസാദ് (അമ്മു -28) എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെ എലിയറയ്ക്കൽ ജംഗ്ഷനിലാണ് സംഭവം. അരുവാപ്പുലം റോഡിൽ നിന്ന് വരികയായിരുന്ന സ്കൂട്ടർ വകയാറിലേക്ക് തിരിയുമ്പോൾ എതിർദിശയിൽ നിന്നുവന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസിനടിയിൽ കുരുങ്ങിയ ഇരുവരെയും വലിച്ചുകൊണ്ടു 10 മീ​റ്ററോളം മുന്നോട്ടു നീങ്ങിയാണ് ബസ് നിന്നത്. ഒാടിക്കൂടിയ നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ആദ്യം അനുവും പിന്നീട് പ്രസാദും മരിച്ചു. ബസിലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു.

സൗത്ത് ആഫ്രിക്കയിൽ ജോലി നോക്കുന്ന പ്രസാദ് ബുധനാഴ്ച വൈകിട്ടാണ് വീട്ടിലെത്തിയത്. ഇന്നലെ മകളെയും കൂട്ടി കോന്നിയിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ബസ്, പൊലീസെത്തി സ്റ്റേഷനിലേക്ക് മാ​റ്റി. വൈകിട്ട് പൂവൻപാറ ജംഗ്ഷനിൽ നാട്ടുകാർ സ്വകാര്യ ബസ് ഉടമയുടെ മ​റ്റ് ബസുകൾ തടഞ്ഞിട്ടു. ഇതിൽ പ്രതിഷേധിച്ച് ബസുകൾ പലതും സർവീസ് നിറുത്തിവച്ചു. മൃതദേഹങ്ങൾ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്​റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.