image

പത്തനംതിട്ട : ഇലവുംതിട്ട, പ്രക്കാനം, തോട്ടുപുറം, സന്തോഷ് മുക്ക് തുടങ്ങിയ റോഡുകൾ സംഗമിക്കുന്ന നാൽകവലയായ പ്രക്കാനം ജംഗ്ഷൻ അപകടങ്ങളുടെ കേന്ദ്രബിന്ദു ആകുകയാണ്. ഓമല്ലൂരിലേക്ക് തിരിയുന്ന വശത്തുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡ് കാരണം എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല. നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും നടപടി ഒന്നുമായില്ല. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഇലവുംതിട്ട ഭാഗത്തു നിന്ന് വന്ന കാർ ബൈക്കിൽ എത്തിയ ദമ്പതികളെ ഇടിച്ചിട്ടു. ഗുരുതരമായി പരിക്കേറ്ര ഇവർ ചികിത്സയിലാണ്. ഇന്നലെ സ്വകാര്യ ബസ് ടിപ്പറുമായി കൂട്ടി ഇടിച്ചു. തിരുവല്ല - കുമ്പഴ റോഡിൽ നിന്ന് അടൂർ - പത്തനംതിട്ട റോഡിലേക്കുള്ള എളുപ്പവഴി കൂടിയാണിത്. ചരക്ക് ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നു പോകുന്ന പാത ആയതിനാൽ തിരക്ക് ഏറെയാണ്.

ശ്രീബുദ്ധ എൻജിനീയറിംഗ് കോളേജ്, ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ്, ഇലന്തൂർ ബി.എഡ് കോളേജ്, ഗവ.ഐ.ടി.ഐ, വിവിധ സ്കൂളുകൾ, ആയൂർവേദ ആശുപത്രി പ്രക്കാനം പി.എച്ച്.സി, സൂപ്പർ മാർക്കറ്റ്, ബാങ്കുകൾ എന്നീ നിരവധി സ്ഥാപനങ്ങൾ ഈ പാതയുടെ വശങ്ങളിലുണ്ട്. സ്വകാര്യ ബസുകളും അമ്പതിൽപരം സ്കൂൾ ബസുകളും ഈ പാതയിലൂടെ പോകുന്നു.

" നാൽക്കവലയിൽ നിന്നുള്ള റോഡുകളിൽ ഹംമ്പ് നിർമ്മിച്ചാൽ അപകടങ്ങൾ കുറയ്ക്കാം. വീണാ ജോർജ് എം.എൽ.എയുടെ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് റോഡിന്റെ നവീകരണം നടക്കാനിരിക്കുകയാണ്. വേഗ നിയന്ത്രണത്തിന് സംവിധാനം ഒരുക്കിയില്ലെങ്കിൽ അപകടങ്ങൾ ഇനിയും ആവർത്തിക്കും"

പ്രദേശവാസി