പത്തനംതിട്ട : കാട്ടിലാണ് ആദിവാസികളുടെ ആരാധനാകേന്ദ്രമായ കല്ലേലി ഉൗരാളി അപ്പൂപ്പൻകാവ്. ചേർന്നൊഴുകുന്നത് അച്ചൻകോവിലാറും. ആദിമ ഗോത്ര സംസ്കാരത്തിന്റെ പ്രതീകമായി നില നിൽക്കുന്ന അപൂർവം കാനനക്ഷേത്രങ്ങളിൽ ഒന്ന്. ഇവിടത്തെ കാവിലെ ഉപദേവതമാർക്കായി നിർമ്മിച്ച 'പർണശാല'യാണ് ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രം. 20 ചതുരശ്ര അടി വിസ്തീർണത്തിലും 12 അടി പൊക്കത്തിലും നിർമ്മിച്ച പർണശാലയ്ക്ക് ഉപയോഗിച്ചത് നദിയിൽ നിന്നെടുത്ത ചെറുതും വലുതുമായ 4200 ഉരുളൻകല്ലുകൾ. അച്ചൻകോവിൽ നദി ഉത്ഭവിക്കുന്ന ഉതിമല മുതൽ ഉൗരാളിക്കാവിനു സമീപം വരെയുള്ള ഭാഗങ്ങളിൽ നിന്ന് വനംവകുപ്പിന്റെ അനുമതിയോടെ രണ്ട് മാസം കൊണ്ടാണ് കല്ലുകൾ ശേഖരിച്ചത്.
കല്ലുകൾ ചെളിയും സിമന്റും പശയും ചേർത്ത മിശ്രിതം കൊണ്ട് ഉറപ്പിച്ചു. 13 പേർ 14 ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി. ഇൗറ്റ, പനമ്പ്, ചൂരൽ എന്നിവ കൊണ്ട് മേൽക്കൂരയുണ്ടാക്കി. മല ദേവനായ കല്ലേലി അപ്പൂപ്പനാണ് പ്രധാന പ്രതിഷ്ഠ. മീനൂട്ടും വാനരയൂട്ടും പോലുള്ള വഴിപാടുകളാണ് സവിശേഷത.
999 മല ദൈവങ്ങൾ
കോന്നി എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്ന് അച്ചൻകോവിൽ റൂട്ടിൽ പത്ത് കിലാേമീറ്റർ അകലെ വനത്തിലുളളിലാണ് ഉൗരാളി അപ്പൂപ്പൻ കാവ്. 999 മല ദൈവങ്ങളെ വിളിച്ചുചാെല്ലി പ്രാർത്ഥിക്കുന്നതാണ് പ്രധാന ആരാധന. പ്രളയകാലത്ത് ഇടുക്കി ഡാം തുറക്കുന്നതിനു മുമ്പ് കെ. എസ്.ഇ.ബിയുടെ നേതൃത്വത്തിൽ കല്ലേലി അപ്പൂപ്പൻകാവിൽ പൂജ നടത്തിയത് വിവാദമായിരുന്നു. ഡാമിനെ ബന്ധിപ്പിക്കുന്ന കുറവൻമലയിലെയും കുറത്തിമലയിലെയും ദൈവങ്ങൾക്കു വേണ്ടിയാണ് പൂജ നടത്തിയത്. കാവുമായി ബന്ധപ്പെട്ട ദ്രാവിഡ ചരിത്രരേഖകളും ഉപകരണങ്ങളും ശേഖരിച്ച് മ്യൂസിയം നിർമ്മാണത്തിന് തുടക്കമിട്ടിട്ടുണ്ട്.
ഇൗടു നിൽക്കുന്നതാണ് ഉരുളൻ കല്ലുകളിൽ തീർത്ത പർണശാലയുടെ പ്രത്യേകത
- ശിൽപി വർക്കല വെൺകുളം ഷാജി ആചാരി
നൂറ്റാണ്ടുകൾക്ക് മുമ്പ് കാവിൽ നദികളിലെ ഉരുളൻകല്ലുകൾ കൊണ്ട് പർണശാല ഉണ്ടായിരുന്നതായി പഴമക്കാർ പറഞ്ഞിട്ടുണ്ട്.
-അഡ്വ. സി.വി.ശാന്തകുമാർ, കല്ലേലി കാവ് സംരക്ഷണ സമിതി പ്രസിഡന്റ്