കടമ്പനാട് : വിശാലമായ ഒാഫീസ് സമുച്ചയമുണ്ടെങ്കിലും അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ് കടമ്പനാട് പഞ്ചായത്ത് ഒാഫീസ്. ഉദ്ഘാടനം നടക്കാത്തതാണ് പുതിയ മന്ദിരത്തിലേക്ക് ഒാഫീസ് മാറ്റാത്തതിന് കാരണം. പരാതി പറഞ്ഞ് മടുത്തെന്ന് ജീവനക്കാരും പൊതുജനവും ഒരു പോലെ പറയുമ്പോഴും അധികൃതർക്ക് യാതൊരു കുലുക്കവുമില്ല. സെക്രട്ടറി, സൂപ്രണ്ട് ,ഒൻപത് ക്ലറിക്കൽസ്റ്റാഫ് ,രണ്ട് ഒാഫീസ് അറ്റൻഡർ, ഫ്രണ്ട് ഒാഫീസ് എന്നിവയടക്കം ഏകദേശം 750സ്ക്വയർഫിറ്റ് വരുന്നസ്ഥലത്താണ് പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് സ്റ്റോർറൂം പ്രവർത്തിക്കുന്നത്. ഇവിടെയാണ് അക്കൗണ്ടന്റ്,ടെക്നിക്കൽ അസിസ്റ്റന്റ് എന്നിവരുടെ ഒാഫീസും പ്രവർത്തിക്കുന്നത് .ഇതിനോട് ചേർന്ന് 150 സ്ക്വയർഫീറ്റ് വരുന്ന ഇടുങ്ങിയ മുറിയാണ് പ്രസിഡന്റിന് ഉള്ളത്. ഇവിടെത്തന്നെയാണ് പഞ്ചായത്ത് കമ്മിറ്റിയും കൂടുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ഒറ്റനിലയായി പുതിയ ഒാഫീസ് മന്ദിരം പണിതെങ്കിലും ഇത് കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവയുടെ ഒാഫീസുകൾ പ്രവർത്തിക്കുന്നതിനായി വിട്ടുനൽകി. ഈ കെട്ടിടത്തിന്റെ മുകളിൽ രണ്ട് നിലകൾ പണികഴിപ്പിച്ചിട്ടുണ്ട്. ഒന്ന് കോൺഫറൻസ് ഹാളാണ്. ഉദ്ഘാടനം നടക്കാത്തതാണ് പ്രവർത്തനം ഇവിടേക്ക് മാറ്റാത്തതെന്ന് ജീവനക്കാർ പറയുന്നു. ജീവനക്കാരും പൊതുജനങ്ങളും പഞ്ചായത്തിലെത്തിയാൽ നല്ലൊരു ബാത്ത്റൂം പോലുമില്ലാതെ ദുരിതത്തിലാണ്. പഞ്ചായത്ത് ഒാഫീസിന്റെ ഉദ്ഘാടനം നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.