ചന്ദനപ്പള്ളി: സംഘകാലത്ത് സ്ത്രീകൾക്ക് സമൂഹത്തിൽ ഉള്ള പങ്ക് ഇന്നത്തേക്കാൾ എത്രയോ വലുതായിരുന്നുവെന്ന് ദ്രാവിഡ സംസ്‌കൃതിയിൽ പറയുന്നുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി കുട്ടി അമ്മ അഭിപ്രായപ്പെട്ടു.
ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാളിനോടനുബന്ധിച്ച് അഖില മലങ്കര വനിതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വഞ്ചിക്കുന്ന പുരുഷനെ സമൂഹം ബഹിഷ്‌കരിച്ചിരുന്നു. അവർക്ക് പിന്നീട് കുടുംബജീവിതം ഇല്ലായിരുന്നു. ഇസ്ലാം മതം പഠിപ്പിക്കുന്നത് സാഹോദര്യവും ക്രിസ്തു മതം പഠിപ്പിക്കുന്നത് സ്‌നേഹവുമാണ്. ഇതു രണ്ടിനെയും ഉൾക്കൊള്ളണമെന്ന് ഹിന്ദുമതവും പഠിപ്പിക്കുന്നു. അതുകൊണ്ടാണ് ശ്രീ നാരായണ ഗുരു ഒരു മതമേയുള്ളൂ എന്ന് പറഞ്ഞതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തോമസ് ജോൺ കോറെപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ്, മാർത്ത മറിയം സമാജം ജനറൽ സെക്രട്ടറി കുഞ്ഞമ്മ മാത്യു, സെക്രട്ടറി ജോയി ജോൺ, മെർലിൻ ടി. മാത്യു എന്നിവർ പ്രസംഗിച്ചു. വികാരി ഫാ. വർഗീസ് കളിക്കൽ സ്വാഗതവും അഡ്വ. ബാബുജി കോശി നന്ദിയും പറഞ്ഞു.