crime

പത്തനംതിട്ട : തിരുവല്ല പുളിക്കീഴിൽ ഗൃഹനാഥനെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതി രാജൻ ബാബുവിന് ജിവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. കോണത്ത് പറമ്പിൽ വീട്ടിൽ പങ്കജാക്ഷനെ (56) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഓമനാലയം വീട്ടിൽ രാജേഷ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. പുളിക്കീഴ് സ്വദേശികളായ പങ്കജാക്ഷനും രാജേഷ് ബാബുവും അയൽവാസികളായിരുന്നു.

മുൻ വൈരാഗ്യത്തെ തുടർന്ന് പങ്കജാക്ഷന്റെ മകന്റെ വിവാഹം മുടക്കുന്നതിനായി വിവാഹ ഉറപ്പിന്റെ തലേദിവസമാണ് കൊലപാതകം നടത്തിയത്.

2006 ഫെബ്രുവരി 25ന് രാത്രി 9.45ന് പങ്കജാക്ഷനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയി വഴിയിൽ വച്ച് വാക്കത്തി കൊണ്ട് ഇടതു തോളിലും വയറ്റിലും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലായി 27 മുറിവുകളുണ്ടായതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ പൊലിസ് കണ്ടെടുത്തു. പ്രതിയുടെ കുറ്റസമ്മതത്തിന്റെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് എം. സുലേഖ ശിക്ഷ വിധിച്ചത്. പിഴയായി ഈടാക്കുന്ന രൂപ പങ്കജാക്ഷൻപിള്ളയുടെ ഭാര്യ ആനന്ദവല്ലിയമ്മയ്ക്ക് നൽകാനും ഉത്തരവായി. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ കെ.പി സുഭാഷ് കുമാർ ഹാജരായി.