കടമ്പനാട്: ദുരിതപൂർണമായ ജീവിതസാഹചര്യങ്ങൾ ജീവിതത്തിൽ പ്രതിസന്ധി തീർത്തപ്പോൾ മുന്നേറാൻ പ്രചോദനമായത് അയ്യൻകാളിയുടെ ജീവിത കഥ. ഒടുവിൽ അയ്യൻകാളിയെക്കുറിച്ച് പഠിച്ച് കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് . കടമ്പനാട് തുവയൂർതെക്ക് പാണ്ടിമലപ്പുറം സുരേഷ് ഭവനത്തിൽ ദിവ്യയ്ക്കാണ് ഡോക്ടറേറ്റ് ലഭിച്ചത്. പട്ടികജാതിക്കാരിയായ ദിവ്യയുടെ അച്ഛൻ തുളസീധരൻ കൂലിപ്പണിക്കാരനാണ് .അമ്മയും ജ്യേഷ്ഠത്തിയും കശുഅണ്ടി തൊഴിലാളികളും. ഏറെ ബുദ്ധിമുട്ടി വരുമാനം കണ്ടെത്തിയാണ് അവർ ദിവ്യയെ ബി എഡ് വരെ പഠിപ്പിച്ചത്. . ദളിത് വിഭാഗത്തിൽ പ്പെട്ടവർക്ക് പഠിക്കാൻ കഴിയാതെപോയ സാഹചര്യങ്ങളെക്കുറിച്ചും അവർക്ക് വിദ്യാഭ്യാസം നടത്തുന്നതിനായി അയ്യൻകാളി നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും തുളസീധരൻ കുട്ടിക്കാലം മുതൽ ദിവ്യയ്ക്ക് പറഞ്ഞുകൊടുക്കുമായിരുന്നു. അന്നേ അയ്യൻകാളി ഒരു റോൾ മോഡലായി ദിവ്യയുടെ മനസിൽ പതിഞ്ഞു. ബി എഡിന് ശേഷമായിരുന്നു ദിവ്യയുടെ വിവാഹം. ഭർത്താവ് സുമേഷ് കുമാറാണ് തുടർന്ന് പഠിപ്പിച്ചത്. പി എച്ച് ഡി ക്ക് എന്ത് വിഷയം തിരഞ്ഞെടുക്കണമെന്ന ആലോചനയിൽ ദിവ്യയുടെ മനസിൽ ആദ്യമെത്തിയത് അയ്യൻകാളിയാണ്. തന്റെ സമുദായത്തിൽ നിന്ന് പത്ത് ബി എ ക്കാരെ കണ്ട് മരിക്കണം എന്നതാണ് ജീവിതാഭിലാഷമെന്ന് പറഞ്ഞ അയ്യൻകാളിയെ നമ്മുടെ സമൂഹം വേണ്ടവിധത്തിൽ ഇപ്പോഴും അറിഞ്ഞിട്ടില്ലന്ന തിരിച്ചറിവാണ് ഇങ്ങനൊരു വിഷയം തിരഞ്ഞെടുക്കാൻ പ്രധാനകാരണമെന്നും ദിവ്യപറയുന്നു.