തിരുവല്ല: വീട്ടിൽ കയറി വൃദ്ധയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനിൽ കാരോട്ടുകര കിഴക്കതിൽ വീട്ടിൽ അൻസാദ് (41 ) ആണ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാത്രി എട്ടിനാണ് സംഭവം. നെടുമ്പ്രം അരയാൽ പറമ്പിൽ ചാക്കോ കുര്യന്റെ ഭാര്യ മറിയാമ്മ (72) യുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ ബഹളംവച്ചതിനെ തുടർന്ന് ഇയാൾ കടന്നുകളയുകയായിരുന്നു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പുളിക്കീഴ് പൊലീസ് നടത്തിയ തെരച്ചിലിൽ ഇയാളെ പിടികൂടി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കൊല്ലം ജില്ലയിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് വിവരം ലഭിച്ചു. ഓച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിൽ മുളക് പൊടി എറിഞ്ഞ് മാല പൊട്ടിച്ച കേസിൽ ജയിൽവാസം അനുഭവിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയിട്ട് ദിവസങ്ങളായിട്ടേയുള്ളൂ. പൊടിയാടിയിലുള്ള ഇറച്ചിക്കടയിൽ നാല് ദിവസം മുൻപ് ജോലിക്ക് പ്രവേശിച്ചിരുന്നു. ഇയാളുടെ കുറ്റകൃത്യങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. പുളിക്കീഴ് സി.ഐ എസ്.എസ്. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ പി. അജയൻ, വേലായുധൻ, സോമസുന്ദരൻ പിള്ള ഷാഡോ പൊലീസിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അജികുമാർ.ആർ, സിവിൽ പൊലീസ് ഓഫീസർ വിനേഷ് കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.