kseb

തിരുവല്ല: കേന്ദ്ര വൈദ്യുതി നിയമം കേരളത്തിൽ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന വൈദ്യുതി വകുപ്പിന് തടസമുണ്ടാക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി അഭിപ്രായപ്പെട്ടു. കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരെ ഒഴിവാക്കാനും ഡിപ്ലോമയിൽ കുറഞ്ഞ യോഗ്യതയുള്ളവരെ പിരിച്ചുവിടാനുമാണ് കേന്ദ്ര നീക്കം. ശമ്പളം, പെൻഷൻ, തൊഴിൽ, ഊർജ്ജം എന്നിവ കാര്യക്ഷമതയോടെ പ്രവർത്തിപ്പിക്കാനാണ് ബോർഡ് ശ്രമിക്കുന്നത്. ഇതിനു തടസമുണ്ടാക്കുന്ന ഇടപെടലാണ് പുതിയ കേന്ദ്രനിയമം. പ്രളയത്തിൽ വൈദ്യുതി രംഗം കാര്യമായി തകർന്നിരുന്നു. ഇതിനെ അതിജീവിക്കാൻ ബോർഡ് നടത്തിയ ശ്രമങ്ങൾക്ക് ലോകത്തിന്റെ പ്രശംസ ലഭിച്ചു. എന്നാൽ പ്രളയത്തിന് കാരണം വൈദ്യുതി ബോർഡാണെന്ന് പ്രചരിപ്പിക്കാനാണ് ചിലരുടെ ശ്രമം. സ്വബോധമുള്ളവർ അങ്ങനെ പറയില്ലെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.സുധാകരൻ നായർ അദ്ധ്യക്ഷനായിരുന്നു. മാത്യു ടി തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ബാലകൃഷ്ണപിള്ള, എം.പി ഗോപകുമാർ, നെയ്യാറ്റിൻകര പ്രദീപ്, പി.വി. ലതീഷ്, എൻ.ടി.ജോൺ, ജെ.നസറുദ്ദീൻ, കെ.എസ്.സുനിൽ, കെ.രാഘുനാഥൻ നായർ, പി.എ മുഹമ്മദ് അഷ്‌റഫ്, ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ പത്തിന് നടക്കുന്ന വനിതാ കൺവെൻഷൻ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും.