കടമ്പനാട് : അഖിലഭാരത ഭാഗവത മഹാസത്രത്തിന് മണ്ണടിയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മണ്ണടി ഇരവീശ്വരം പഴയതൃക്കോവിൽ മഹാദേവക്ഷേത്രസന്നിധിയിലാണ് കലിയുഗരാജസൂയം എന്നറിയപ്പെടുന്ന അഖിലഭാരത ഭാഗവത മഹാസത്രം നടക്കുന്നത്. 2003ൽ തിരുവല്ലയിൽ നടന്നതിന് ശേഷം പത്തനംതിട്ട ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ മഹാസത്രമാണിത്. മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ നായരാണ് മഹാസത്രനിർവ്വഹണസമിതി ചെയർമാൻ. 16 മുതൽ 26വരെ പതിനൊന്ന് ദിവസമാണ് സത്രം. 100ൽ അധികം ആചാര്യൻമാർ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തി പ്രഭാഷണം നടത്തും. പതിനൊന്ന് ദിവസങ്ങളിലായി പത്ത് ലക്ഷത്തോളം ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്. സത്രവേദിയിൽ പ്രതിഷ്ഠിക്കാനുള്ള ഗുരുവായൂരപ്പന്റെ ദിവ്യവിഗ്രഹം വഹിച്ചുകൊണ്ടുള്ള ചൈതന്യരഥഘോഷയാത്ര മെയ് ഒന്നിന് കർണ്ണാടകത്തിലെ ഗോകർണ്ണം മഹാബലേശ്വരക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് കൊടിക്കൂറ, എറണാകുളം മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ നിന്ന് കൊടിമരം,നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നിന്ന് ഗ്രന്ഥം എന്നിവ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര യജ്ഞവേദിയിൽ എത്തിച്ചേരും. തുടർന്ന് വിഗ്രഹ പ്രതിഷ്ഠ,കൊടിയേറ്റ് തുടങ്ങിയ ചടങ്ങുകളോടെ സത്രം ആരംഭിക്കും. 1,40,000 അടിയിലധികം വിസ്തീർണമുള്ള വിശാലമായ പന്തലാണ് ഒരുങ്ങുന്നത്. താൽകാലികക്ഷേത്രം,വിപുലമായ യജ്ഞവേദി, അന്നദാനശാല, എന്നിവയുടെ നിർമാണവും പുരോഗമിക്കുകയാണ്. ഭക്തർക്ക് 24 മണിക്കൂറും അന്നദാനവും താമസസൗകര്യവും ഒരുക്കും. അന്നദാനം നൽകുന്നതിനാവശ്യമായ പച്ചക്കറികൾ ക്ഷേത്രം സ്ഥലത്ത് കൃഷി ചെയ്തുണ്ടാക്കിയതാണെന്ന പ്രത്യേകതയുണ്ട്. ഇതിന്റെ വിളവെടുപ്പ് കഴിഞ്ഞ ദിവസം തുടങ്ങി. ശബരിഗ്രൂപ്പ് ചെയർമാൻ ശശികുമാറാണ് ഫിനാൻസ് കമ്മിറ്റി കൺവീനർ, കെ.ബിജു (ജനറൽ കൺവീനർ), എസ്.നാരായണസ്വാമി (പ്രോഗ്രാം കമ്മിറ്റി കൺവീനർ) സി. കൃഷ്ണകുമാർ ( പ്രോഗ്രാം കമ്മിറ്റി ചെയർമാൻ), പ്രദീപ് പ്രതീക്ഷ,ആറ്റൂർ രാജേഷ് ,വിജയകുമാർ ഇടയ്കിടം (കോ ഒാർഡിനേറ്റേഴ്സ് ) എന്നിവരടങ്ങുന്ന കമ്മിറ്റി പ്രവർത്തിക്കുന്നു.