പത്തനംതിട്ട: മേപ്രാൽ സെന്റ് ജോൺസ് പള്ളിയിൽ ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിന് താത്കാലിക ശമനം. ജില്ലാ കളക്ടർ പി.ബി നൂഹ് വിളിച്ചുചേർത്ത യോഗത്തിൽ പള്ളിയുടെ ഉടമസ്ഥതയെ ചൊല്ലിയുള്ള കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ മുൻസിഫ് കോടതി വിധി അംഗീകരിക്കുന്നതായി യാക്കോബായ സഭാ പ്രതിനിധികൾ അറിയിച്ചു. വിധിക്കെതിരായ അപ്പീലുമായി മുന്നോട്ടുപോകും. ഒരാഴ്ചയായി പളളിക്ക് മുന്നിൽ യാക്കോബായ വിഭാഗം നടത്തിവരുന്ന സമരം താത്കാലികമായി പിൻവലിച്ചു.

മൃതദേഹ സംസ്കാര ശുശ്രൂഷയിൽ സെമിത്തേരിയിൽ ഇടവകാംഗങ്ങളായ യാക്കോബായ വൈദികർ പ്രവേശിക്കുന്നതിന് ജില്ലാ ഭരണകൂടം അനുമതി നൽകി. ചർച്ചയിൽ പങ്കെടുത്ത ഓർത്തഡോക്സ് സഭാ പ്രതിനിധികൾ ഇതിനെ എതിർത്തു. പള്ളിയോട് ചേർന്ന്,​ കാലംചെയ്ത യാക്കോബായ സഭയിലെ മെത്രാപ്പോലീത്ത കുറിയാക്കോസ് മാർ കൂറിലോസ് താമസിച്ചിരുന്ന കെട്ടിടത്തിന്റ ഉടമസ്ഥതയെ ചൊല്ലിയുള്ള കേസിൽ അന്തിമ വിധി വരുന്നതുവരെ ജില്ലാ ഭരണകൂടത്തിന്റ സംരക്ഷണയിൽ സൂക്ഷിക്കാനും ധാരണയായി.

ദേവാലയത്തിന്റ നവീകരണത്തിന് നേരത്തെ യാക്കോബായ വിഭാഗം ചെലവഴിച്ച തുക കളക്ടറുടെ മദ്ധ്യസ്ഥതയിൽ തിരികെ നൽകാനും യോഗത്തിൽ ധാരണയായി.

യാക്കോബായ സഭയെ പ്രതിനിധീകരിച്ച് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, വികാരി ഫാ.റെജി മാത്യു, ട്രസ്റ്റി പി.ജെ.കുര്യാക്കോസ് എന്നിവർ പങ്കെടുത്തു. ഓർത്തഡോക്സ് സഭയിൽ നിന്ന് ഒൗദ്യോഗിക വക്താവ് ഫാ. ഏബ്രഹാം ജോൺസ് കോനാട്ട്, വികാരി ഫാ. എബി സി.മാത്യു, ട്രസ്റ്റി തോമസ് മാത്യു എന്നിവർ പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി ജെ.ജയ്ദേവ്, തിരുവല്ല സബ് കളക്ടർ വിനയ് ഗോയൽ, റവന്യു- പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് മേപ്രാൽ പള്ളിയിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായത്.