അടൂർ: കല്ലട ഇറിഗേഷൻ പദ്ധതിയിലെ ഒട്ടുമിക്ക കനാൽ പാലങ്ങളും ദുർബലാവസ്ഥയിൽ. പല പാലങ്ങളുടെയും കോൺക്രീറ്റുകൾ ഇളകിമാറി കമ്പി തെളിഞ്ഞ് ദ്രവിച്ച നിലയിലാണ്. ഇതിന് പുറമേ പലയിടങ്ങളിലും കൈവരികളും അടർന്ന് മാറി വാഹന യാത്രക്കാർക്ക് അപകടഭീഷണിയായി. വെള്ളക്കുളങ്ങര - പ്ലാത്തറപ്പടി - ശ്രീനാരായണപുരം റോഡിലെ ശാസ്താംകോട്ട ഡിസ്ട്രിബ്യൂട്ടറി കനാലിന് കുറുകെയുള്ള പാലം ഇതിന് ഉദാഹരണമാണ്. ഇരുവശത്തെയും കൈവരികൾ അടർന്ന് മാറിയിട്ട് നാളുകൾ ഏറെയായി. സൈഡ് കൊടുക്കുമ്പോൾ വാഹനങ്ങൾ കനാലിലേക്ക് മറിഞ്ഞ് അപകടം സംഭവിക്കാൻ സാധ്യതയേറെയാണ്. നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. രാത്രിയിൽ ഈ ഭാഗത്താകട്ടെ വെളിച്ചവുമില്ല. സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ളവർ പാലത്തിന്റെ തകർന്ന കൈവരിയോട് ചേർന്നാണ് നടന്ന് പോകുന്നത്. നേരിയ അശ്രദ്ധയിൽ കാൽതെറ്റിയാൽ പതിക്കുക കനാലിലേക്കാവും. ഇതേ അവസ്ഥയാണ് ഒട്ടുമിക്ക ഭാഗങ്ങളിലേയും കനാൽ പാലങ്ങളുടേത്.
അറുകാലിക്കൽ പടിഞ്ഞാറ് ഗുരുമന്ദിരത്തിന് സമീപം ഇരുഭാഗത്തേയും കൈവരികൾ തകർന്ന് അപകടഭീഷണിയായിരുന്ന പാലത്തിന്റെ കൈവരി അടുത്തിടെ പുനർ നിർമ്മിച്ചതോടെയാണ് നാട്ടുകാർക്കും വാഹനയാത്രക്കാർക്കും ആശ്വാസമായത്. കെ.ഐ.പി മെയിൻ കനാലിന് കുറുകെ പന്നിവിഴ 303-ാം എസ്.എൻ.ഡി.പി ശാഖാ മന്ദിരത്തിന് സമീപമുള്ള നടപ്പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്ന് വീണത് അടുത്ത കാലത്താണ്. പന്നിവിഴ കനാൽ ഷട്ടറിന് സമീപമുള്ള മറ്റൊരു നടപ്പാലത്തിന്റെ കോൺക്രീറ്റ് ഇളകി കമ്പിയിൽ തൂങ്ങികിടക്കുകയാണ്. നിർമ്മാണത്തിലെ അപാകതകളാണ് കനാൽപാലങ്ങൾ തകരാൻ കാരണം.
കെ.ഐ.പിയുടെ അലംഭാവം
തകരാറിലായ പാലങ്ങൾ അറ്റകുറ്റ പണികൾ നടത്തി സംരക്ഷിക്കാൻ കെ.ഐ.പി അധികൃതർ താൽപ്പര്യം കാട്ടുന്നില്ല. അധികൃതർ ജാഗ്രത കാട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.