സംസ്ഥാനപാതയിൽ വൈക്കത്തില്ലത്ത് അപകടക്കെണിയായി പൈപ്പ് കുഴി
തിരുവല്ല: സംസ്ഥാന പാതയിലെ പൊട്ടിയ കുടിവെള്ള പൈപ്പിന്റെ തകർച്ച പരിഹരിക്കാൻ ഒരുമാസത്തോളം വേണ്ടിവന്നു. ഇനി പാതയോരത്തെ പാതാളക്കുഴി അടയ്ക്കാനും ഒരുമാസം വേണോഎന്നാണ് യാത്രക്കാരുടെ ചോദ്യം. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരുവല്ല -അമ്പലപ്പുഴ പാതയിൽ വൈക്കത്തില്ലത്താണ് യാത്രക്കാർക്ക് കെണിയൊരുക്കി പാതാളക്കുഴി. ഒന്നരമാസം മുമ്പ് പൊട്ടിയൊഴുകിയ കുടിവെള്ള പൈപ്പിലെ ചോർച്ച ഏറെനാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ പത്തുദിവസം മുമ്പ് കണ്ടെത്തി. അധികൃതർ ചോർച്ചയും അടച്ചു. എന്നാൽ പൈപ്പിലെ ചോർച്ച കണ്ടെത്താനായി എടുത്ത വലിയകുഴി ഇപ്പോഴും മൂടിയിട്ടില്ല. പത്തടിയോളം വീതിയിൽ രണ്ടാൾ താഴ്ചയുള്ള കുഴിയാണിത്. കുഴിയുടെ വശങ്ങളിൽ ചെളിയും കൂനകൂട്ടി വെച്ചിരിക്കുകയാണ്. മഴയത്ത് സമീപത്താകെ ചെളിവെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. റോഡിലൂടെ കടന്നുപോകുന്നവർ എതിരെ വരുന്ന വാഹനങ്ങൾക്ക് സ്ഥലം ഒഴിഞ്ഞു കൊടുക്കുമ്പോൾ കുഴിയിൽ വീഴാനുള്ള സാദ്ധ്യതയേറെയാണ്. അടുത്തകാലത്ത് രാജ്യാന്തര നിലവാരത്തിൽ നിർമ്മിച്ച റോഡാണിത്. വഴിയാത്രക്കാർക്ക് ഒരുക്കിയ നടപ്പാതയിലാണ് കുഴിയെടുത്തിരിക്കുന്നത്. ഇതുകാരണം വഴിയാത്രക്കാർക്കും കച്ചവടക്കാർക്കും പൈപ്പുകുഴി ദുരിതമായിരിക്കുകയാണ്. എടത്വ പള്ളി പെരുന്നാളും നടക്കുന്നതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള വാഹനങ്ങൾ റോഡിലൂടെ ഇരുവശങ്ങളിലേക്കും ചീറി പായുകയാണ്. രാത്രിയിൽ യാത്രക്കാർ കുഴിയിൽ വീണ് അപകടമുണ്ടാകാനുള്ള സാദ്ധ്യതയുമേറെയാണ്. യാത്രക്കാർ അപകടത്തിൽപ്പെടുമോയെന്ന ഭീതിയിലാണ് നാട്ടുകാരും. കുഴി അടയ്ക്കൽ വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്.
വീണ്ടും വാഹനം അപകടത്തിൽപ്പെട്ടു
കുടിവെള്ള പൈപ്പിലെ ചോർച്ച കണ്ടെത്താനായി കുഴിച്ച കുഴിയിൽ ഇന്നലെ വീണ്ടും വാഹനം അപകടത്തിൽപ്പെട്ടു. ചെളിയിൽ തെന്നിനീങ്ങിയ വാഹനം ഭാഗ്യത്തിനാണ് കുഴിയിൽ വീഴാതെ രക്ഷപെട്ടത്. മുമ്പ് ചോർച്ചയുണ്ടായ കുഴിയിൽ മിനി വാനും താഴ്ന്നിരുന്നു. നാട്ടുകാരും കച്ചവടക്കാരും വാഹന ഉടമകളും ഏറെനേരത്തെ ശ്രമത്തിന് ശേഷമാണ് വാഹനം ഉയർത്തിയത്.