പ​ത്ത​നം​തിട്ട : തരിശ് ഭൂമിയിൽ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിക്ക് ജൂൺ അഞ്ചിന് തുടക്കമാവും. ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലുമായി 1000 പച്ചത്തുരുത്തുകളുടെ നിർമാണം ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങൾ കണ്ടെത്തുന്നത്. സർക്കാർ / സ്വകാര്യസ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകൾ, നഗരഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളെല്ലാം പച്ചത്തുരുത്ത് സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങളാണ്. സ്വകാര്യ വ്യക്തികൾ ഉൾപ്പെടെ നിരവധി സംരംഭകർ ഇതിനകം തന്നെ പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലുമായി വിവിധ പഞ്ചായത്തുകൾ ഒരേക്കറും അതിലധികം വ ിസ്തൃതിയുമുള്ള സ്ഥലങ്ങൾ ഇതിനായി കണ്ടെത്തി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പച്ചത്തുരുത്ത് പ്രവർത്തനങ്ങളെ സഹായിക്കാനായി പരിസ്ഥിതി പ്രവർത്തകർ, ജൈവവൈവിദ്ധ്യ മേഖലയിലെ വിദഗ്ദ്ധർ, വനവത്ക്കരണരംഗത്ത് പ്രവർത്തിച്ച പരിചയസമ്പന്നർ, കൃഷി വിദഗ്ദ്ധർ, ജനപ്രതിനിധികൾ, പ്രാദേശിക സാമൂഹിക പ്രവർത്തകർ എന്നിവരുൾപ്പെടുന്ന ജില്ലാതല സാങ്കേതിക സമിതികളുണ്ടാകും. വിത്തിനങ്ങൾ കണ്ടെത്തൽ, വൃക്ഷങ്ങളുടെ തിരിച്ചറിയൽ പ്രവർത്തനങ്ങൾ തുടങ്ങി പച്ചത്തുരുത്ത് നിർമിതിക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ ഈ സമിതികളാണ് നൽകുന്നത്.

പച്ചത്തുരുത്ത്

പൊതുസ്ഥലങ്ങളിലുൾപ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃകകൾ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുന്നതാണ് പച്ചത്തുരുത്ത് പദ്ധതി.

സഹകരണത്തോടെ...

ജൈവവൈവിദ്ധ്യ ബോർഡ്, കൃഷിവകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വനം വകുപ്പിന്റെ സാമൂഹ്യ വനവത്ക്കരണവിഭാഗം, പരിസ്ഥിതി സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്.

ആഗോളതാപനത്തെ ചെറുക്കും
ചുരുങ്ങിയത് അര സെന്റ് മുതൽ കൂടുതൽ വിസ്തൃതിയുള്ള ഭൂമിയിൽ പച്ചത്തുരുത്തുകൾ സ്ഥാപിക്കാം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ കുറയ്ക്കുന്നതിനും ഹരിതഗൃഹവാതകങ്ങളുടെ സാന്നിദ്ധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകൾക്ക് വലിയ പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധിക കാർബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാർബൺ കലവറകളായി വർത്തിക്കുന്ന പച്ചത്തുരുത്തുകൾ പ്രാദേശിക ജൈവവൈവിദ്ധ്യ സംരക്ഷണവും ഉറപ്പാക്കും.