റാന്നി: പെരുമ്പെട്ടിയിലെ കർഷകരുടെ കൈവശഭൂമി പൂർണമായും വനപരിധിക്ക് പുറത്താണെന്നും ചട്ടപ്രകാരം പട്ടയം നൽകാവുന്നതാണെന്നും പത്തനംതിട്ട ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി. കർഷകരുടെ ഭൂമി വനത്തിന് പുറത്താണ് എന്ന റാന്നി ഡി . എഫ്. ഒയുടെ കത്ത് പരിഗണിച്ചാണ് കളക്ടർ റവന്യൂ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. കർഷകരുടെ ഭൂമിയും വനവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ജണ്ടകളും കണ്ണാടി കല്ലുകളും കൃത്യസ്ഥാനങ്ങളിൽ തന്നെ കാണുന്നു . ദൂരത്തിലും ദിക്കിലും 1958ലെ സർവേ അടയാളങ്ങൾ വ്യതിയാനം കൂടാതെ നിലനിൽക്കുന്നു . വനത്തിന്റെ അളവ് പൂർണമായിട്ടില്ല. ഏതെങ്കിലും കാരണത്താൽ വനത്തിന്റെ മൊത്ത അളവിൽ കുറവ് കണ്ടാൽ പോലും ജനങ്ങളുടെ ഭൂമി വനംവകുപ്പിന്​ അവകാശപ്പെടാൻ കഴിയില്ലെന്ന് വനം ഉദ്യോഗസ്ഥരുടെ മൊഴിയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ആലപ്ര റിസർവുമായി അതിർത്തി പങ്കിടുന്ന ഉൾവനം മാത്രമാണ് ഇനി അളക്കാനുള്ളത്. ഈ മാസം ഏഴിനാണ് അളവുകൾ പൂർത്തീകരിക്കുന്നതിന് കളക്ടർ അനുവദിച്ചിട്ടുള്ള സമയപരിധി . കർഷകരുടെ ഭൂമിയിൽ പകുതിയെ അടിസ്ഥാന ഭൂ നികുതി രജിസ്റ്ററിൽ നിലവിൽ റിസർവ് വനം എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് തിരുത്തി ഭൂമി പതിവു ചട്ടപ്രകാരം പട്ടയം അനുവദിക്കാവുന്നതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 61 വർഷം നീണ്ട സാങ്കേതിക കുരുക്ക് നീങ്ങിക്കിട്ടുന്നതിന്റെ ആശ്വാസത്തിലും പ്രതീക്ഷയിലുമാണ് പെരുമ്പെട്ടിയിലെ 500 കുടുംബങ്ങൾ.