dengu
dengu

പത്തനംതിട്ട : വേനൽ മഴ എത്തിയതോടെ പകർച്ച വ്യാധികളും പിടിമുറുക്കി തുടങ്ങി. ഡെങ്കിപ്പനിയും മലേറിയയും എലിപ്പനിയും ജില്ലയിൽ റിപ്പോർട്ട് ചെയ്തു. കണക്കുകൾ മുൻ വർഷങ്ങളേക്കാൾ വർദ്ധിക്കുകയാണ്. റബർ തോട്ടങ്ങൾ ഉള്ളതും വെള്ളം കെട്ടികിടക്കുന്നതുമായ പ്രദേശത്താണ് പകർച്ചവ്യാധികൾ ഏറെയും. 2016ൽ 605 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ അത് ഇരുപതും അമ്പതും ആയി ഉയർന്നു. മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇത്തവണ ഏറ്റവും കൂടുതൽ ആശങ്കയിലാഴ്ത്തിയത് ചിക്കൻ പോക്സായിരുന്നുവെന്ന് അധികൃതർ പറയുന്നു. മുൻപെങ്ങും ഇല്ലാത്ത രീതിയിലുള്ള വർദ്ധനവായിരുന്നു ചിക്കൻ പോക്സിന്റെ റിപ്പോർട്ടിൽ. ജനുവരി മുതൽ മേയ് 4 വരെയുള്ള കണക്കെടുത്താൽ 615 പേർക്ക് ചിക്കൻ പോക്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിവിധ രോഗബാധിതരുടെ എണ്ണം

(ഈ വർഷം ജനുവരി മുതലുള്ള കണക്ക്)

ഡെങ്കിപ്പനി - 12

എലിപ്പനി - 22

മലേറിയ - 12

ചിക്കൻപോക്സ് - 615

എങ്ങനെ പ്രതിരോധിക്കാം
വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കണം
കൊതുക് നിവാരണം നടപ്പിലാക്കുക
രോഗ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടുക
വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്
തിളപ്പിച്ചാറിച്ച വെള്ളം കുടിയ്ക്കുക
കൊതുകിന്റെ ഉറവിടം നശീകരണം

"ഡെങ്കിപ്പനിയും എലിപ്പനിയും തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. എലിപ്പനി പത്തനംതിട്ട മുനിസിപ്പാലിറ്രി പ്രദേശത്താണ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇടവിട്ട് പെയ്യുന്ന മഴകാരണം കൊതുകിന്റെ ഉറവിടങ്ങൾ വർദ്ധിക്കുകയാണ്. മഴക്കാല പൂർവ പ്രതിരോധ പ്രവർത്തനങ്ങൾ ഈ ആഴ്ച ആരംഭിക്കും. "

എ.എൽ ഷീജ (ഡി.എം.ഒ പത്തനംതിട്ട)