vallikode-vayanasala

വള്ളിക്കോട്: ആക്ഷനും കട്ടും പറയാൻ കിട്ടിയ അവസരം കുട്ടി സംവിധായകർക്ക് ആവേശമായി. കാമറക്ക് മുൻപിൽ നിൽക്കാൻ നാണം കുണുങ്ങി ചില കുട്ടിനടീനടന്മാർ. കാമറയിൽ തങ്ങളുടെ മുഖം കണ്ട് ആർത്ത് ചിരിക്കുന്ന മറ്റു ചിലർ. സിനിമയെടുക്കാൻ ഇത്ര പാടായിരന്നോ, അതിശയമായിരുന്നു മറ്റു ചിലർക്ക്. അവധിക്കാലത്തിനും അവധി നൽകിയാണ് കുട്ടികൾ സിനിമാ പിടിത്തത്തിന് ഇറങ്ങിയത്. വള്ളിക്കോട് വായനശാലയിലെ യുവത, ബാലവേദി, എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചലച്ചിത്ര നിർമാണക്കളരിയുടെ ഭാഗമായി ഹ്രസ്വ ചിത്രം ഒരുക്കിയത്. രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ഹ്രസ്വചിത്ര നിർമാണം. കുട്ടികൾ കഥയും തിരക്കഥയും എഴുതി, സംവിധാനം ചെയ്തു, അഭിനയിച്ചു. കുട്ടികളുടെ ചലച്ചിത്ര നിർമാണത്തിന് കൂട്ടുചേർന്ന് പ്രമുഖരും നാട്ടുകാരും ജനപ്രതിനിധികളുമൊക്കെ എത്തി. സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിൽ കുട്ടിച്ചിത്രത്തിൽ വേഷമിട്ടു. ചലച്ചിത്ര ഛായാഗ്രാഹകൻ ജെമിൻ ജോം അയ്യനേത്ത്, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി നായർ തുടങ്ങിയവർ ചിത്രീകരണം കാണാനെത്തി. കൈത്താങ്ങ്, നൻമമനസ് എന്നീ രണ്ട് ഹ്രസ്വചിത്രങ്ങളാണ് കുട്ടികൾ തയാറാക്കിയത്. ''കൈത്താങ്ങ്'' എന്ന് പേരിട്ട ചിത്രത്തിൽ വാർദ്ധക്യവും പ്രശ്‌നങ്ങളുമാണ് വിഷയമായത്. വാർദ്ധക്യം ബാധിച്ചതിനെത്തുടർന്ന് പുറത്താക്കപ്പെട്ട വൃദ്ധന് കൈത്താങ്ങായി വിദ്യാർത്ഥികൾ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പ്രളയത്തെ തുടർന്ന് വീടു നഷ്ടപ്പെട്ട കുടുംബത്തിനെ സഹായിക്കാനെത്തുന്ന കുട്ടികളുടെ ശ്രമങ്ങളും അവരുടെ കൂട്ടായ്മയുമാണ് നൻമനസ് എന്ന ചിത്രത്തിലൂടെ പറയുന്നത്. ചലച്ചിത്ര നിർമാണ കളരി ഇന്നു സമാപിക്കും. ആദ്യ ദിവസം സിനിമാ പഠനത്തിനും തിരക്കഥാ രചനക്കും ശേഷം ഇന്നലെയാണ് ചിത്രീകരണം നടന്നത്. ഹ്രസ്വ ചിത്രങ്ങൾക്ക് ജിജു വി. കോട്ടയം ക്യാമറയും അനീഷ് അടൂർ ചിത്രസംയോജനവും നിർവഹിച്ചു. ചിത്രങ്ങളുടെ പ്രദർശനം ഇന്ന് രാവിലെ ഒൻപതിന് വായനശാലാ ഓഡിറ്റോറിയത്തിൽ നടക്കും. തുടർന്ന് ചിത്രങ്ങളെ സംബന്ധിച്ച ചർച്ച. ഉച്ചയ്ക്ക് രണ്ടിന് സമാപന സമ്മേളനം ഡോ.എം.എസ്. സുനിൽ ഉദ്ഘാടനം ചെയ്യും. എൻ. ശാന്തമ്മ അദ്ധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ജയകുമാർ, പി. ജി. ശശിധരക്കുറുപ്പ്, എം.എസ്. മധു, ചന്ദ്രമതി യശോധരൻ എന്നിവർ പ്രസംഗിക്കും.

-----------------------------------------------------------------------------

വള്ളിക്കോട് വായനശാലയുടെ നേതൃത്വത്തിൽ നടത്തിയ ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ