image
ശിംശിപാ വൃക്ഷം

പത്തനംതിട്ട : കൊടുമൺ നാഷണൽ അഗ്രീ കൾച്ചറൽ ഫാമിൽ രാമായണ കഥയിലൂടെ പ്രശസ്തമായ ശിംശിപാവൃക്ഷം പൂവിട്ടു. ശ്രീലങ്കയിൽ മാത്രം കണ്ടു വരുന്ന വൃക്ഷമാണിത്. ഇന്ത്യയിൽ അത്യപൂർവ്വവും.

രാവണൻ ശ്രീലങ്കയിലേക്ക് അപഹരിച്ചു കൊണ്ട് പോയ സീതാദേവിയെ ദൂതനായി പോയ ഹനുമാൻ അശോകവനത്തിലെ ശിംശിപാ വൃക്ഷച്ചുവട്ടിൽ വച്ച് കണ്ടെത്തിയതായാണ് വാത്മീകി രാമായണത്തിൽ പറയുന്നത്. അശോക വൃക്ഷം ഇന്ത്യ ഉൾപ്പടെ മറ്റ് രാജ്യങ്ങളിലും കാണപ്പെടുന്നുണ്ട്. അശോക വൃക്ഷമാണ് ശീംശിപാ വൃക്ഷം എന്ന് തെറ്റിദ്ധരിക്കുന്നവരും ഏറെയാണ്. ലോകത്ത് ഏറ്റവുമധികം പ്രാണവായു ഉൽപ്പാദിപ്പിക്കുന്നതായി കരുതപ്പെടുന്ന ശിംശിപാ വൃക്ഷം നല്ല തണൽമരം കൂടിയാണ്. ഒരു കിലോമീറ്ററോളം ചുറ്റളവിൽ ഹൃദയഹാരിയായ സുഗന്ധം പരത്തുന്ന ശിംശിപാ പൂവ് കാഴ്ച്ചക്ക് ഏറെ മനോഹരമാണ്. വർണ്ണക്കുട തിരിച്ച് പിടിച്ചിരിക്കുന്നതു പോലെ മനോഹരമായ പൂക്കളാണിത്.

കൂമ്പ് വിരിഞ്ഞ് ഇലകൾ ഉണ്ടാകുന്നു എന്ന പ്രത്യേകതയും ഈ വൃക്ഷത്തിനുണ്ടെന്ന് ഫാം ഉടമ പ്രസാദ് അങ്ങാടിക്കൽ പറഞ്ഞു. പ്രസാദ് 5 വർഷങ്ങൾക്ക് മുൻപ് ശ്രീലങ്കയിൽ നിന്ന് എത്തിച്ച് നട്ട് പിടിപ്പിച്ചതാണ് ഈ മരം. ഇതിൽ നിന്ന് കൂടുതൽ തൈകൾ ഉൽപ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ്.