muttar
തകർന്നു യാത്ര ദുർഘടമായ മുട്ടാർ​പറോലിൽപ്പടി റോഡ്‌

പന്തളം: മുട്ടാർ​മണികണ്ഠനാൽത്തറ റോഡ് തകർന്നത് യാത്ര ദുഷ്‌കരമാക്കുന്നു. മാസങ്ങളേറെയായിട്ടും അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാൻ അധികൃതർ തയാറാകുന്നില്ല. പന്തളം ജംഗ്ഷനും കുന്നിക്കുഴി മുക്കിനുമിടയിൽ പന്തളം​മവേലിക്കര റോഡിൽ ഗതാഗത തടസമുണ്ടായാൽ ഈ റോഡിലൂടെയാണ് എം.സി റോഡിലേക്ക് ഗതാഗതം തിരിച്ചുവിടുന്നത്. കുളനട, കൈപ്പുഴ, തോന്നല്ലൂർ, ഭാഗങ്ങളിൽ നിന്നുള്ളവർ മഹദേവർ ക്ഷേത്രത്തിലേക്കും മന്നം ആയുർവേദ മെഡിക്കൽ കോളേജിലേക്കും പോകുന്നതാണ് ഈ റോഡ്. പൂഴിക്കാട്, മുടിയൂർക്കോണം, തോട്ടക്കോണം, മുളമ്പുഴ ഭാഗങ്ങളിൽ നിന്നും വലിയകോയിക്കൽ ക്ഷേത്രം, കുളനട, കൈപ്പുഴ ഭാഗങ്ങളിലേക്കുമുള്ള റോഡാണ്. മങ്ങാരം ഗവ. യു.പി.എസ്, എമിനൻസ് പബ്ലിക് സ്‌കൂൾ, കാർത്തിക ഗ്യാസ് ഏജൻസി എന്നിവിടങ്ങളിലേക്കു പോകാനും ഉപയോഗിക്കുന്നതാണ് റോഡ്. തകർന്ന റോഡിൽ പാണ്ടിപ്പുറം ഭാഗത്തു പൈപ്പ് ലൈൻ പൊട്ടി വെള്ളമൊഴുകുകയാണ്. ഇതു കുഴികളിൽ കെട്ടിക്കിടക്കുന്നത് ഇരുചക്രവാഹന യാത്രികർക്ക് അപകടമുണ്ടാക്കുന്നുണ്ട്. മണ്ഡല ഉത്സവം തുടങ്ങുന്നതിനു മുമ്പ് ഈ റോഡ് അറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ മണ്ഡലക്കാലത്ത് നഗരസഭ ഈ റോഡിനെ അവഗണിക്കുകയായിരുന്നു.