പന്തളം: റോഡ് പണിയിലെ അപാകതയിൽ പ്രതിഷേധിച്ച് പി.ഡബ്ലിയു.ഡി പന്തളം എ.ഇ ഷീലാസിനെ ബി.ജെ.പി ഉപരോധിച്ചു. ഉപരോധം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.ബി. ബിനുകുമാർ ഉദ്ഘാടനം ചെയ്തു. രാവിലെ പത്തു മണിയോടെയാണ് പന്തളം സെക്ഷൻ ഓഫീസിൽ ഉപരോധം ആരംഭിച്ചത്. റീ ടാറിംഗ് നടത്തിയ ഭാഗങ്ങൾ പരിശോധിച്ച് അപാകതകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് എ.ഇ ഉറപ്പു നൽകിയതോടെ ഉച്ചയ്ക്കു 12.30ന് ഉപരോധം അവസാനിച്ചു. തുടർന്നു നേതാക്കളോടൊപ്പം എ.ഇ യും മറ്റ് ഉദ്യോഗസ്ഥരും ചക്കാലവട്ടം മുതൽ പന്തളം തോട്ടക്കോണം കരിപ്പൂർ ദേവീക്ഷേത്രം വരെ റോഡിന്റെ ടാറിംഗ് പരിശോധിച്ചു. ജില്ലാ സെക്രട്ടറി സുശീലാ സന്തോഷ്, പന്തളം ഏരിയാ സെക്രട്ടറി ജി.എസ്. അരുൺകുമാർ, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് അരുൺ പൂഴിത്തറ, ഒബിസി മോർച്ച നഗരസഭാ സമിതി പ്രസിഡന്റ് രാജീവ് മങ്ങാരം, ബിജെപി ഒന്നാം ബൂത്ത് ജന. സെക്രട്ടറി രാജേഷ്, ജി. രാജേന്ദ്രൻ സുകു സുരഭി, ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പന്തളം നഗരസഭയിലെ ഒന്നും രണ്ടും ഡിവിഷനുകളിൽപ്പെട്ട ചക്കാലവട്ടംമഹാദേവർ ക്ഷേത്രം റോഡ് റീ ടാറിംഗിന്15 ലക്ഷം രൂപയാണ് നഗരസഭ അനുവദിച്ചത്. പി.ഡബ്ലി.യു.ഡിയാണ് റീ ടാറിംഗ് നടത്തിയത്.