പത്തനംതിട്ട: ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഫലം പുറത്തുവന്നപ്പോൾ സംസ്ഥാനത്ത് വിജയശതമാനത്തിൽ ഒന്നാം സ്ഥാനത്ത് പത്തനംതിട്ട ജില്ല. 99.34 ശതമാനം എന്ന അഭിമാനകരമായ നേട്ടമാണ് ജില്ല കൈവരിച്ചത്. സംസ്ഥാന ശരാശരിയെക്കാൾ മുകളിലാണിത്.
ജില്ലയിൽ നിന്ന് ഇത്തവണ 10852 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. അതിൽ 10780 പേരും വിജയിച്ചു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാനായത് 890 കുട്ടികൾക്കാണ്. ഇതിൽ 295 ആൺകുട്ടികളും 595 പെൺകുട്ടികളുമുണ്ട്. ജില്ലയിൽ നിന്ന് പരീക്ഷ എഴുതിയ 5638 ആൺകുട്ടികളിൽ 5591 പേരും ഉപരിപഠനത്തിന് അർഹരായി. 5214 പെൺകുട്ടികളാണ് ഇക്കുറി പത്താംക്ലാസ് പരീക്ഷ എഴുതിയത്. അതിൽ 5189 പേരും ഉപരിപഠനത്തിന് യോഗ്യത നേടി.
130 സ്‌കൂളുകൾ 100 ശതമാനം വിജയം കൈവരിച്ച് ജില്ലയുടെ നേട്ടത്തിൽ പങ്കാളികളായി. ഇതിൽ 42 എണ്ണം സർക്കാർ മേഖലയിലും 81 എണ്ണം എയ്ഡഡ് മേഖലയിലുമാണെന്നത് വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. സർക്കാർ മേഖലയിൽ ആകെയുള്ള 50 സ്‌കൂളുകളിൽ 42 എണ്ണവും 100 ശതമാനം വിജയം കൊയ്‌തെടുക്കുകയായിരുന്നു. അൺ എയ്ഡഡ് മേഖലയിൽ ഏഴ് സ്‌കൂളുകളും 100 ശതമാനം വിജയം നേടിയിട്ടുണ്ട്.


.